രാത്രി
നഗരമധ്യത്തിലെ ബാര്‍
കുശലവാര്‍ത്തകളോരോ
'ചെറുതുകള്‍'ക്കുമേല്‍ നുരയുന്ന മേശകള്‍
ലഹരിയുടെ തിരകളാല്‍
തകരുന്ന വാക്കിന്റെയതിരുകള്‍
കണ്ണീര്‍ നനവുകള്‍
പരിഹാസപ്പതച്ചി,ലുപചാരചാരം
പറന്നറിയാതെതെളിയുന്ന
പകയുടെ കനലിളക്കങ്ങള്‍
'ഇത് മദ്യശാല
മതിമോഹനശാല
ഹൃദയസംഗീത ശാല
കവിത വിടരുന്ന ശാല'
പരുഷഗദ്യത്തിന്റെ തടവില്‍ നിന്നുള്ള
വിടുതിയാഘോഷിക്കയാണൊരാള്‍
കുഴയുന്ന നാവിനാല്‍ പാട്ടിന്‍ കളിത്തോണി
തുഴയുകയാണൊരാള്‍
'അടിയടി,ഒരു പെഗ്ഗുകൂടടിയെന്റെ ചങ്ങായി
മതിവരും വരേക്കു നീ പാടുക',പ്രോത്സാഹന-
ത്തിരയുയരുന്നു ചുറ്റിലും
കവിത കഥയായി,രാഷ്ട്രീയ ചര്‍ച്ചയായ്
പരദൂഷണങ്ങളായ്,പഴി പറച്ചിലായ് പതയുന്നു
രാവ് നീളുന്നു 'മതി,യടക്കാനുള്ള നേരമാ'യെന്നു നാലഞ്ചു
തടിമിടുക്കന്മാര്‍ മീശ പിരിക്കുന്നു
'ശരി,ശരി' ബില്ലടച്ചുകൈക്കാശും കൊടുത്തെത്രയും വേഗം
പടിയിറങ്ങുന്നു
കാറില്‍
ഇരുചക്രശകടമേറിയും
കാല്‍നടയായും
പിരിയുവോര്‍ ബാറിലുപേക്ഷിച്ചു
ഹൃദയനൈര്‍മല്യമായതിന്‍ പകരമായ്
പല വെറുപ്പുകള്‍,നിരാശകള്‍,കയ്ക്കുമോര്‍മകള്‍
അവര്‍ നിറക്കുന്നു നെഞ്ചില്‍
ബാറിന്‍ നടയടക്കുന്നു.
'ഹാ,മറുമരുന്നില്ല,മര്‍ത്ത്യജീവിത വിഷമരുന്നിന്'
തെരുവിലൊറ്റയായ് വേച്ചുവേച്ചുപോം
നിഴല് പാടുന്നു,പാടുന്നു.
കുറിപ്പ്: വെറുതെ ഇരിക്കെ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പഴയ ചില കവിതകള്‍ ഓര്‍മയിലെത്തി.ആ ഓര്‍മയ്ക്ക് ഇങ്ങനെയൊരു രൂപാന്തരമുണ്ടായി.
അത്യുഗ്രന്‍ .. വാസ്തവം .. കവിത..
ReplyDelete