Pages

Tuesday, February 4, 2014

മാറുവിന്‍,മാറുവിന്‍ അല്ലെങ്കില്‍...

ടി.പി.ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലെ ഗൂഢാലോചനക്കാരെ സി.ബി.ഐ അന്വേഷണത്തിനു മുന്നില്‍ കൊണ്ടുവരണം എന്നാവശ്യപ്പെട്ട്‌ ശ്രീമതി കെ.കെ.രമ നടത്തുന്ന നിരാഹാര സമരം യു.ഡി.എഫ്‌ ഗൂഢാലോചനയുടെ ഫലമാണ്‌,യു.ഡി.എഫ്‌ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച്‌ നടക്കുന്നതാണ്‌ എന്നിങ്ങനെയൊക്കെയുള്ള സി.പി.ഐ(എം) നേതാക്കളുടെ പ്രസ്‌താവനകള്‍ എല്ലാവരും കേട്ടുകഴിഞ്ഞു.ടി.പി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്നവരെ പോലീസ്‌ ക്രൂരമായി മര്‍ദ്ദിച്ചു എന്ന ആരോപണവുമായി സി.പി.ഐ(എം) നേതാക്കള്‍ രംഗത്ത്‌ വന്നതും മര്‍ദ്ദനം സംബന്ധിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട്‌ തടവുകാരുടെ ബന്ധുക്കള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനു മുന്നില്‍ സമരം ആരംഭിച്ചതും എല്ലാവര്‍ക്കും അറിയാം.
രമയെ സെക്രട്ടറിയേറ്റിനു മുന്നില്‍ എത്തിച്ചതിനു പിന്നില്‍ യു.ഡി.എഫിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടാവാം.നേരത്തെ തന്നെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഉണ്ടാവുന്നതിന്റെ പതിന്മടങ്ങ്‌ രാഷ്ട്രീയ ലാഭം യു.ഡി.എഫിന്‌ രമയുടെ സമരത്തിനു നേരെ ഉയര്‍ന്നുവരുന്ന ജനവികാരത്തിലൂടെ ലഭ്യമാവുമെന്ന്‌ ന്യായമായും കരുതാം.പക്ഷേ,രമയുടെ ആവശ്യത്തെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി എതിര്‍ക്കുന്നതിന്‌ ഇത്‌ ന്യായീകരണമാവുന്നത്‌ എങ്ങനെയാണ്‌ ?ആരംഭം മുതല്‍ക്കേ മാര്‍ക്‌സിസറ്റ്‌ പാര്‍ട്ടി ഈ ആവശ്യത്തെ എതിര്‍ത്തു പോന്നതിന്റെ കാരണമെന്താണ്‌?പാര്‍ട്ടി യഥാര്‍ത്ഥത്തില്‍ ആരെയാണ്‌ ഭയക്കുന്നത്‌?ടി.പി,വധക്കേസില്‍ തങ്ങള്‍ക്ക്‌ യാതൊരു പങ്കുമില്ല എന്ന്‌ ആവര്‍ത്തിച്ചുകൊണ്ടിരുന്ന സി.പി.ഐ(എം) ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്ന പ്രതികളുടെ കാര്യത്തില്‍ ഇത്രമേല്‍ താല്‌പര്യമെടുക്കുന്നത്‌ കേവലം മനുഷ്യാവകാശപരിഗണന കൊണ്ട്‌ മാത്രമാണോ?പാര്‍ട്ടി
യുടെ സ്വന്തം ആളുകളായ  മൂന്നു പേര്‍  ഈ കേസില്‍ ശിക്ഷിക്കപ്പെട്ടത്‌ കോടതിയുടെ പക്ഷപാതിത്വം കൊണ്ടാണെന്ന്‌ പാര്‍ട്ടി ഇതേ വരെ പറഞ്ഞിട്ടില്ല.കോടതിവിധിയെ കുറിച്ച്‌ പാര്‍ട്ടി വിപരീതാഭിപ്രായങ്ങളൊന്നും പ്രകടിപ്പിച്ചിട്ടുമില്ല.ആ നിലക്ക്‌ പാര്‍ട്ടിക്കാര്‍ ശിക്ഷിക്കപ്പെട്ടതിന്‌ വിശ്വസനീയമായ എന്ത്‌ ന്യായമാണ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുക?പി.മോഹനന്‍ ഒഴിവായി എന്നതുകൊണ്ടു മാത്രം ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി കുറ്റാരോപണ മുക്തമായി എന്നു പറഞ്ഞാല്‍ ആരാണ്‌ വിശ്വസിക്കുക?
കാര്യങ്ങളെല്ലാം വളരെ വ്യക്തമാണ്‌.ടി.പി വധത്തിന്റെ വാര്‍ത്ത അറിഞ്ഞ നിമിഷം മുതല്‍ കേരളത്തിലെ സാമാന്യബുദ്ധിയുള്ള മുഴുവന്‍ ആളുകളും സംശയിച്ചത്‌ ആ കൊലപാതകം മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കിയതാണ്‌ എന്നാണ്‌.കേരളസമൂഹത്തിന്റെ ഈ ധാരണയെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട്‌ സി.പി.ഐ(എം) അവതരിപ്പിച്ച മുഴുവന്‍ തെളിവുകളും വാദങ്ങളും തികച്ചും തെറ്റായിരുന്നുവെന്ന്‌ കോടതിവിധിയോടെ സമ്പൂര്‍ണമായും വ്യക്തമായി കഴിഞ്ഞു.
ഈ സാഹചര്യത്തിലും രമയുടെ നിരാഹാരം യു.ഡി.എഫ്‌ ഗൂഢാലോചനയുടെ ഫലമാണ്‌ എന്നൊക്കെ പറഞ്ഞാല്‍ അങ്ങേയറ്റത്തെ പാര്‍ട്ടി അനുകൂലികള്‍ക്കുപോലും അത്‌ അരോചകമായി തോന്നും.രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഫലമായും അതല്ലാതെ ആസൂത്രിതമായി തന്നെയും കേരളത്തില്‍ കഴഞ്ഞ മൂന്നുനാല്‌ ദശകക്കാലത്തിനിടയില്‍ നൂറ്‌ കണക്കിന്‌ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്‌.മുറിവുകളുടെ എണ്ണത്തിലും കൊലയുടെ രീതിയിലും വ്യത്യാസമുണ്ടാകാമെന്നല്ലാതെ എല്ലാ കൊലപാതകങ്ങളും അതിക്രൂരവും പൈശാചികവും തന്നെയാണ്‌.ഓരോ കൊലപാതകവും കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെയും ഉടയവരുടെയും ഉള്ളില്‍ തീരാവേദനയുടെ അണയാത്ത തീക്കനലുകള്‍ കോരിയിട്ടിട്ടുമുണ്ട്‌.പക്ഷേ,ആ കൊലപാതകങ്ങള്‍ സൃഷ്ടിച്ചതിന്റെ പതിന്മടങ്ങ്‌ ആഘാതമാണ്‌ ടി.പി വധം കേരളസമൂഹത്തില്‍ മൊത്തമായി ഉണ്ടാക്കിയത്‌.പാര്‍ട്ടിയുടെ നയങ്ങളെയും സമീപനങ്ങളെയും പ്രവര്‍ത്തനശൈലിയെയും വിമര്‍ശിച്ച്‌ സ്വന്തം രാഷ്ട്രീയാഭിപ്രായങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ ഒരു പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ അവരുടെ സ്‌നേഹവും വിശ്വാസവും ഏറ്റുവാങ്ങി ജീവിച്ചു എന്നത്‌ വധാര്‍ഹമായ കുറ്റമായി കണ്ട്‌ ആ മനുഷ്യനെ കൊല്ലാന്‍ വാടകക്കൊലയാളികളെ നിയോഗിച്ചതു വഴി കേരളത്തിലെ സി.പി.ഐ(എം) നേതൃത്വം ചെയ്‌തത്‌ മാപ്പ്‌ അര്‍ഹിക്കാത്ത കുറ്റമാണ്‌.പാര്‍ട്ടി പ്രവര്‍ത്തനം എന്നതുകൊണ്ട്‌ പാര്‍ട്ടിക്കുവേണ്ടി സ്വത്തും പണവും വാരിക്കൂട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പ്പെടുക,വന്‍കിട സാമ്പത്തിക ശക്തികളുമായി വ്യാപാരബന്ധങ്ങള്‍ സ്ഥാപിക്കുക,നയപരമായ എല്ലാ ആടിയുലച്ചിലുകള്‍ക്കിടയിലും പാര്‍ട്ടിയുടെ സംഘടനാസംവിധാനം ശക്തമാക്കുന്നതിനുള്ള കര്‍ശനനടപടികള്‍ സ്വീകരിക്കുക എന്നൊക്ക മാത്രം അര്‍ത്ഥമാക്കുന്ന അവസ്ഥയാണ്‌ പാര്‍ട്ടിയെ എല്ലാ മാനുഷിക പരിഗണനകളില്‍ നിന്നും അകലേക്കകലേക്ക്‌ കൊണ്ടുപോവുന്നത്‌.പാര്‍ട്ടി ആ വിധത്തില്‍ ബഹുദൂരം അകന്നു പോയ്‌ക്കഴിഞ്ഞതിന്റെ ഫലമാണ്‌ ചന്ദ്രശേഖരന്‍ വധം.ദീര്‍ഘകാലം പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച ഒരാളെ അയാള്‍ സംശുദ്ധനായ ഒരു പൊതുപ്രവര്‍ത്തകനാണെന്നും സ്വന്തം നാട്ടിലെ ജനങ്ങള്‍ക്ക്‌ അങ്ങേയറ്റം പ്രിയംകരനായ നേതാവാണെന്നും അറിഞ്ഞുകൊണ്ടു തന്നെ കൊലചെയ്യാന്‍ കയ്യറപ്പുണ്ടായില്ലെന്നത്‌ കടുത്ത പാര്‍ട്ടിഭക്തന്മാരല്ലാത്ത ആരെയും ഞെട്ടിക്കുന്നതാണ്‌.
തങ്ങള്‍ അകപ്പെട്ടിട്ടുള്ള കെണിയില്‍ നിന്ന്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി എങ്ങനെ രക്ഷപ്പെടും എന്നെനിക്കറിയില്ല.എന്തായാലും കേവലമായ തര്‍ക്കബുദ്ധിയും കുയുക്തികളും പാര്‍ട്ടിയുടെ രക്ഷക്കെത്തില്ല;അക്കാര്യം തീര്‍ച്ചയാണ്‌.മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി വലിയ ഒരു സ്ഥാപനവും സാമ്പത്തികശക്തിയും ആയതുകൊണ്ട്‌ ഇനിയും കുറേ കാലം അതിനോട്‌ ഒട്ടിച്ചേര്‍ന്നു നില്‍ക്കാന്‍ ആളുകളുണ്ടാവും.തിരഞ്ഞെടുപ്പുകളില്‍(പാര്‍ലിമെന്റ്‌ തിരഞ്ഞെടുപ്പില്‍ അല്ല)പാര്‍ട്ടിക്ക്‌ തീരെ മോശമല്ലാത്ത പ്രകടനം സാധ്യമാവുകയും ചെയ്യും.പക്ഷേ,കമ്യൂണിസ്റ്റുപാര്‍ട്ടിക്ക്‌ പണവും പദവിയും അധികാരവും മാഫിയാ പിന്തുണയും കൊണ്ടുമാത്രം ഏറെ കാലം പിടിച്ചു നില്‍ക്കാനാവില്ല.മാനുഷികത ഉയര്‍ത്തിപ്പിടിച്ച ഘട്ടം വരെ മാത്രമേ ലോകത്തെവിടെയും കമ്യൂണിസ്‌റ്റുപാര്‍ട്ടി നിലനിന്നിട്ടുള്ളൂ.പിന്നെ സംഭവിച്ചതെല്ലാം പാര്‍ട്ടിനേതാക്കളുടെ തമ്മില്‍തമ്മിലുള്ള നശിപ്പിക്കലാണ്‌.അതിന്റെ ഫലം സാമാന്യജനങ്ങളും അനുഭവിക്കേണ്ടി വരും.ഒരു ഘട്ടം വരെ എല്ലാം കണ്ടും കേട്ടും അനുഭവിച്ചും സഹനശേഷി കൈവിടാതെ ജനം നില്‍ക്കും.അവരുടെ ക്ഷമ നശിച്ചാല്‍ സംഘടനാസംവിധാനത്തിന്റെ കെട്ടുറപ്പോ സമ്പത്തോ നേതാക്കളുട മുഷ്‌ക്കോ ഒന്നും പാര്‍ട്ടിയുടെ രക്ഷക്കെത്തില്ല.കമ്യൂണിസ്റ്റുകാരുടെ ആവര്‍ത്തിച്ചുള്ള പ്രയോഗത്തിലൂടെ ജനത്തിന്‌ ചിരപരിചിതമായി കഴിഞ്ഞ 'ചരിത്രത്തിന്റെ ചവറ്റുകൊട്ട'യുണ്ടല്ലോ,അവിടേക്കു തന്നെയാണ്‌ ലോകത്തിന്റെ പല ഭാഗങ്ങളിലെയും കമ്യൂണിസ്റ്റ്‌ ഭരണാധികാരികളെ ജനം വലിച്ചെറിഞ്ഞത്‌.
ചരിത്രത്തെ കുറിച്ച്‌ എക്കാലത്തും നൂറ്‌ നാവില്‍ സംസാരിച്ചുപോരുന്ന കമ്യൂണിസ്‌റ്റുകാര്‍ ആദ്യം പാഠം പഠിക്കേണ്ടത്‌ സ്വന്തം പാര്‍ട്ടിയുടെ ചരിത്രത്തില്‍ നിന്നു തന്നെയാണ്‌.മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടി അതിനു തയ്യാറാവുമെങ്കില്‍ അത്‌ തീര്‍ച്ചയായും അഭികാമ്യമാണ്‌.നമ്മുടെ ജനാധിപത്യസംവിധാനത്തിന്‌ ആര്‍ജ്ജവം പകാരന്‍ കാലോചിതമായി നവീകരിച്ച മാര്‍ക്‌സിസത്തെ രാഷ്ട്രീയദര്‍ശനമായി സ്വീകരിക്കുന്ന ഒരു പാര്‍ട്ടി ഉണ്ടാവുന്നത്‌ വളരെ നല്ലതാണ്‌.അത്തരമൊരു പാര്‍ട്ടിയായി പരിണമിക്കാന്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ കഴിയണമെങ്കില്‍ ജനങ്ങളില്‍ വലിയൊരു വിഭാഗം ഇപ്പോള്‍ തന്നെ കൈവരിച്ചു കഴിഞ്ഞിരിക്കുന്ന ജനാധിപത്യബോധത്തിന്റെയും രാഷ്ട്രീയ പക്വതയുടെയും നിലവാരത്തിലേക്ക്‌ സ്വയം ഉയര്‍ത്താനുള്ള കഠിനശ്രമം മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ഉടന്‍ ആരംഭിക്കണം. 

1 comment:

  1. പോത്തിന്റെ ചെവിയില്‍ വേദമോതരുത്

    ReplyDelete