Pages

Saturday, February 8, 2014

ഗവേഷണം അടിമപ്പണിയല്ല

നമ്മുടെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ സാഹിത്യവും മാനവിക വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ ഒട്ടുവളരെ ഗവേഷണങ്ങള്‍ നടന്നുവരുന്നുണ്ട്‌.ഇവയുടെ ഫലങ്ങള്‍ അതാതുവിഷയങ്ങളിലെ സര്‍ഗാത്മക/നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതിയ ദിശാബോധങ്ങള്‍ നല്‍കുന്നതില്‍ എത്രത്തോളം ഫലപ്രദമാവുന്നുണ്ടെന്ന കൃത്യമായ യാതൊരു പരിശോധനയും നടന്നുവരുന്നതായി അറിവില്ല.അങ്ങനെ വല്ലതും ഉണ്ടെങ്കില്‍ അതില്‍ വെളിപ്പെടുന്ന വിവരങ്ങള്‍ അല്‌പവും അഭിമാനകരമാവാന്‍ ഇടയില്ല.ദത്തശേഖരണം.സമാഹരണം,എന്നീ സംഗതികള്‍ സാമാന്യം തൃപ്‌തികരമായി നടത്താന്‍ പല ഗവേഷകര്‍ക്കും                                         സാധ്യമാവാറുണ്ട്‌ . പക്ഷേ,വിവരണാത്മകത്തിന്‌ അപ്പുറം കടക്കുന്ന പഠനങ്ങളുടെ കാര്യം മിക്കവാറും കഷ്ടം തന്നെയാണ്‌.
ഗവേഷണത്തിന്റെ രീതിശാസ്‌ത്രം കരുപ്പിടിപ്പിക്കുന്നതില്‍ ഏറ്റവും പുതിയ വിദേശമാതൃകകളെ പിന്‍പറ്റണമെന്നതും ഏറ്റവും പുതിയ വൈദേശിക അപഗ്രഥനസങ്കേതങ്ങളെയും ദര്‍ശനങ്ങളെയും ആശ്രയിച്ചായിരിക്കണം പഠനം നടത്തേണ്ടത്‌ എന്നതും ഏറെക്കുറെ അലിഖിത നിയമം പോലെയാണ്‌ നമ്മുടെ സര്‍വകലാശാലകളില്‍.സ്വന്തം എന്ന്‌ അവകാശപ്പെടാനാവാത്ത രീതിശാസ്‌ത്രം അടിച്ചേല്‍പ്പിക്കുന്ന അസ്വാതന്ത്ര്യത്തിനകത്താണ്‌ ഇവിടെ ഗവേഷണം നടക്കുന്നത്‌ എന്നര്‍ത്ഥം.ഇതിനു പകരം പരതന്ത്രമല്ലാത്ത ഒരു രീതിശാസ്‌ത്രം സ്വരൂപിക്കുക എന്നത്‌ ഗവേഷണത്തിന്റെ ആദ്യപടിയായി അംഗീകരിക്കപ്പെടുകയാണെങ്കില്‍ അത്‌ തന്നെ നിലവാരത്തിന്റെ കാര്യത്തില്‍ വലിയൊരു കുതിപ്പിലേക്കുള്ള ആദ്യപടിയാവും.
വിഷയത്തെ വളരെ പ്രൊഫഷണലായും വ്യാപാരബുദ്ധിയോടും സമീപിക്കുന്നവരാണ്‌ മിക്ക ഗവേഷകരും.ഗവേഷണ ബിരുദം ജോലി ലഭിക്കുന്നതിനു തൊട്ട്‌ അധികശമ്പളം ഉറപ്പാക്കുന്നതിനു വരെയുള്ള ഉപാധി എന്ന നിലയിലാണ്‌ പരിഗണിക്കപ്പെടുന്നത്‌.ഈ സ്ഥിതി മാറണം.ഗവേഷണബിരുദം ജോലി ലഭിക്കുന്നതിനോ സ്ഥാനക്കയറ്റത്തിനോ ശമ്പള വര്‍ധനവിനോ ഒന്നും മാനദണ്ഡമായിത്തീരരുത്‌.വിശേഷിച്ച്‌ സാമ്പത്തിക നേട്ടമൊന്നും ഇല്ലെന്നു വന്നാല്‍ നല്ല താല്‌പര്യമുള്ളവര്‍ മാത്രമേ ഈ പണി ചെയ്യാന്‍ നില്‍ക്കൂ.അവര്‍ മാത്രമേ അത്‌ ചെയ്യേണ്ടതുള്ളൂ.ഒരാള്‍ സ്വന്തമായി കണ്ടെത്തുന്ന വിഷയം യൂനിവേഴ്‌സ്‌റ്റിയിലെ ബന്ധപ്പെട്ട വിഭാഗത്തിനു മുന്നില്‍ സമര്‍പ്പിച്ചാല്‍ അത്‌ ഗവേഷണയോഗ്യമാണോ എന്ന്‌ നിര്‍ണയിക്കുന്നത്‌ ഒരു വിദഗ്‌ധസമിതി ആയിരിക്കണം.ഗവേഷണത്തിന്‌ ഗൈഡിന്റെ സഹായം വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം ഗവേഷകന്‌ ലഭിക്കണം.പല മാനവിക വിഷയങ്ങളുടെയും കാര്യത്തില്‍  ഗൈഡ്‌ ഗവേഷകന്‌ 
ഉപകാരത്തേക്കാളേറെ
 ഉപദ്രവമാണ്‌ ചെയ്യുക.ഗവേഷണ പ്രബന്ധം യൂനിവേഴ്‌സിറ്റിക്ക്‌ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അതിന്റെ പരിശോധനയും തീരുമാനവും അറിയിക്കുന്നതിന്‌ മൂന്നോ നാലോ മാസത്തില്‍ കവിയാത്ത ഒരു സമയപരിധി നിശ്ചയിക്കണം.ഉന്നത നിലവാരം പുലര്‍ത്തുന്ന ഗവേഷണ പ്രബന്ധത്തിനു മാത്രമേ ചി.എച്ച്‌.ഡി നല്‍കേണ്ടതുള്ളൂ.അത്തരം പ്രബന്ധങ്ങള്‍ യൂനിവേഴ്‌സിറ്റി സ്വന്തം ചെലവില്‍ പ്രസിദ്ധീകരിക്കുകയും വേണം.
ഔപചാരികമായി യൂനിവേഴ്‌സിറ്റികളില്‍ റജിസ്റ്റര്‍ ചെയ്യാതെയും ഒരാള്‍ക്ക്‌ ഗവേഷണം നടത്താം.അങ്ങനെയുള്ളവരില്‍ നിന്നും ചിലപ്പോള്‍ വളരെ മികച്ച സംഭാവനകള്‍ ഉണ്ടാവാറുണ്ട്‌.അത്തരത്തിലുള്ള സംഭാവനകള്‍ പരിശോധിച്ച്‌ ആ ഗവേഷകന്മാര്‍ക്ക്‌ അവരുടെ ബിരുദമോ മറ്റ്‌ യോഗ്യതകളോ പരിഗണിക്കാതെ തന്നെ ഡോക്ടറേറ്റ്‌ നല്‍കാനുള്ള ഉത്തരവാദിത്വം യൂനിവേഴ്‌സിറ്റികള്‍ ഏറ്റെടുക്കണം.
അനാവശ്യമായ അധികാര പ്രയോഗമാണ്‌ നമ്മുടെ യൂനിവേഴ്‌സിറ്റികളിലെ ഗവേഷണപ്രവര്‍ത്തനങ്ങളുടെ ജീവന്‍ കെടുത്തിക്കളയുന്ന പ്രധാന സംഗതി.ഗൈഡ്‌,ഡിപ്പാര്‍ട്‌മെന്റ്‌ ഹെഡ്‌ തുടങ്ങിയവര്‍ക്ക്‌ ഗവേഷകയ്‌ക്കു/ഗവേഷകനു മേല്‍ പറയത്തക്ക അധികാരമൊന്നുമില്ല എന്നു വരുന്നത്‌ തന്നെ ഗവേഷണത്തിന്റെ ഗുണനിലവാരം വര്‍ധിക്കുന്നതിന്‌ തീര്‍ച്ചയായും സഹായകമാവും.മറ്റൊരു പ്രധാനസംഗതി ഗവേഷണത്തില്‍ സര്‍ഗാത്മകത പരമ പ്രധാനമായി വരിക എന്നതാണ്‌.സാങ്കേതിക ഘടകങ്ങളിലെല്ലാം കൃത്യത കൈവരിച്ചു കഴിഞ്ഞാല്‍ ഗവേഷണ പ്രബന്ധം മുക്കാല്‍ പങ്കും പൂര്‍ത്തിയായി എന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥ.ഇത്‌ മാറണം.ആര്‍ക്കെയ്‌വിസില്‍ നിന്നോ മാനുസ്‌ക്രിപ്‌റ്റ്‌ ലൈബ്രറികളില്‍ നിന്നോ പഴയ കൃതികളും രേഖകളും കണ്ടെത്തുന്നതും പൂര്‍വപഠനങ്ങളില്‍ നിന്ന്‌ പ്രാഥമികാശയങ്ങള്‍ സ്വരൂപിക്കുന്നതും ഫീല്‍ഡ്‌ വര്‍ക്കില്‍ നിന്ന്‌ വിവരങ്ങള്‍ ശേഖരിക്കുന്നതുമെല്ലാം ഗവേഷണപ്രവര്‍ത്തനത്തിന്റെ പ്രധാനഭാഗം തന്നെയാണ്‌.പക്ഷേ,ദത്തശേഖരണത്തിനു ശേഷം സ്വന്തം മനനങ്ങളില്‍ നിന്നും വിശകലനങ്ങളില്‍നിന്നും ഗവേഷകന്‍/ഗവേഷക എത്തിച്ചേരുന്ന മൗലികമായ കണ്ടെത്തലുകളും അവയുടെ ഫലപ്രദമായ അവതരണവും തന്നെയാണ്‌ ഏത്‌ ഗവേഷണ പ്രബന്ധത്തിന്റെയും കാതലായ അംശം.ഈയൊരു സംഗതി മിക്കവാറും മറന്നുപോകുന്നു എന്നതാണ്‌ നമ്മുടെ സര്‍വകലാശാലകളിലെ ഗവേഷണപ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ ദൗര്‍ബല്യം.തികഞ്ഞ കച്ചവടക്കണ്ണോടെ ഗവേഷണത്തെ സമീപിക്കുന്ന ഗവേഷകര്‍,തഴക്കം വന്ന ബ്യൂറോക്രാറ്റിന്റെ അധികാര ഗര്‍വ്വോടെ ഗവേഷകരെ നിലക്കു നിര്‍ത്താനുറച്ചിരിക്കുന്ന മേല്‍നോട്ടക്കാര്‍ ഇവര്‍ക്കൊന്നും ഗവേഷണത്തിലെ സര്‍ഗാത്മകത,സൗന്ദര്യാത്മകത എന്നിങ്ങനെയുള്ള കാര്യങ്ങള്‍ എന്താണെന്നു പോലും മനസ്സിലാവില്ല.എളുപ്പത്തില്‍ പണി തീര്‍ക്കാവുന്ന വിഷയം കണ്ടെത്തണം,വസ്‌തുതകള്‍ അടുക്കും ചിട്ടയുമായി അവതരിപ്പിക്കണം,അലങ്കാരപ്രയോഗങ്ങള്‍ പാടെ ഒഴിവാക്കണം,ഗ്രന്ഥസൂചി കൃത്യമായിരിക്കണം തുടങ്ങിയ ഏതാനും സംഗതികളില്‍ ഒതുങ്ങും തൊണ്ണൂറ്‌ ശതമാനം ഗൈഡുമാരുടെയും ഗവേഷണ സങ്കല്‌പം.ഇതൊക്കെ എത്രയോ മുമ്പേ തന്നെ മാറേണ്ടതായിരുന്നു.ഗവേഷണം കേവലം സൂത്രപ്പണിയോ,പണമിടപാട്‌ പോലുള്ള ഒന്നോ,അടിമപ്പണിയോ അല്ല.ഇങ്ങനെ വല്ലതുമൊക്കെ ആണെന്ന്‌ ഉറപ്പിച്ചെടുക്കും വിധത്തിലാണ്‌ ഇന്ന്‌ നമ്മുടെ സര്‍വകലാശാലകളില്‍ ഗവേഷണം നടന്നുവരുന്നത്‌.ജീവിതവിജയം ഉറപ്പാക്കാനുള്ള വിദ്യകള്‍ പഠിപ്പിച്ചു തരുന്ന ക്ലാസ്സുകളുണ്ട്‌.അത്തരം ക്ലാസ്സുകളില്‍ അധ്യാപകരായിരിക്കുന്നവരുടെ മനോഭാവത്തോടെ സമീപിക്കേണ്ടുന്ന ഒന്നല്ല ഗവേഷണം.ഒരു സര്‍ഗാത്മക വൃത്തിയുടെ സജീവതയും സൗന്ദര്യവും കൈവരിക്കാനാവുന്നില്ലെങ്കില്‍ ഗവേഷണം ഒരു പാഴ്‌ വേലയാണ്‌.
8/2/2014

1 comment:

  1. Quite true. പാശ്ചാത്യ രീതിശാസ്‌ത്രത്തിന്റെയും ഗൈടിന്റെയും അടിമയായിതീരാൻ മനസ്സില്ലാത്തതിനാൽ മദ്രാസ്‌ യൂനിവേർസിറ്റിയിൽ ഞാൻ എന്റെ ഗവേഷണം അവസാനിപ്പിച്ചു.

    ReplyDelete