Pages

Wednesday, February 12, 2014

രാഷ്ട്രീയബോധം

നിലമ്പൂരില്‍ കോണ്‍ഗ്രസ്‌ ഓഫീസില്‍ വെച്ചു നടന്ന കൊലപാതകത്തെ കുറിച്ചും വടകരയില്‍ പോലീസ്‌ ഒരാളുടെ ജനനേന്ദ്രിയം തകര്‍ത്ത സംഭവത്തെ കുറിച്ചും ആഭ്യന്തര വകുപ്പ്‌ സത്യസന്ധമായ അന്വേഷണം നടത്തുമെന്ന്‌ ഉറപ്പുവരുത്താനും അക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനും വി.എം.സുധീരനും വി.ഡി.സതീശനും സാധിക്കുമോ?അത്‌ സാധ്യമാവുന്നില്ലെങ്കില്‍ ജനങ്ങളെയും ജനാധിപത്യത്തെയും കുറിച്ചുള്ള അവരുടെ പ്രസംഗങ്ങളെല്ലാം ചിരിക്കു പോലും വകനല്‍കാത്ത വെറും വാചകമടിയായി മാത്രമേ കണക്കാക്കപ്പെടൂ.
നിലമ്പൂര്‍ സംഭവത്തെ കുറിച്ചുള്ള പോലീസ്‌ അന്വേഷണത്തിന്റെ പോക്ക്‌ ഒരു കൊലപാതകത്തില്‍ പോലും ഭരണനേതൃത്വവും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ കക്ഷിയും ഇരയുടെ പക്ഷത്തല്ല വേട്ടക്കാരുടെ പക്ഷത്താണ്‌ ഉറച്ചു നില്‍ക്കുക എന്ന ധാരണ ഒന്നുകൂടി ബലപ്പെടുത്തുന്നു.വടകരയിലെ പോലീസ്‌ ക്രൂരത പൊതുജീവിതത്തിന്റെ സുരക്ഷ ഉറപ്പു വരുത്തേണ്ട പോലീസ്‌ ഇപ്പോഴും തങ്ങളുടെ തൊഴില്‍ എന്താണെന്നതിനെ കുറിച്ച്‌ കടുത്ത തെറ്റിദ്ധാരണയാണ്‌ വെച്ചുപുലര്‍ത്തുന്നതെന്ന്‌ വ്യക്തമാക്കുകയും ചെയ്യുന്നു.ഭരിക്കുന്ന കക്ഷികളില്‍ മുഖ്യസ്ഥാനത്തുള്ളത്‌ കോണ്‍ഗ്രസ്സാണെന്നതുകൊണ്ട്‌ ഈ അനീതികള്‍ക്കു മുന്നില്‍ 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന മട്ടില്‍ നില്‍ക്കാനാണ്‌ സാധാരണ കോണ്‍ഗ്രസ്സുകാരനും കോണ്‍ഗ്രസ്സുകാരിയും പുറപ്പെടുന്നതെങ്കില്‍ അവരുടെ 
രാഷ്ട്രീബോധം ക്ഷുദ്രവും പരിഹാസ്യവും അപലപനീയവും ഒപ്പം തന്നെ ഭയാനകവുമാണ്‌.രാഷ്ട്രീയബോധത്തിന്‌ താന്‍ കാലാകാലമായി വിശ്വസിച്ചുപോരുന്ന രാഷ്ട്രീയകക്ഷി ചെയ്യുന്ന പാതകങ്ങളെ മുഴുവന്‍ പിന്തുണക്കാനുള്ള സന്നദ്ധത എന്ന്‌ ആരും അര്‍ത്ഥം കല്‌പിക്കരുത്‌.
12/2/2014 

1 comment:

  1. രാഷ്ട്രീയബോധത്തിന്‌ താന്‍ കാലാകാലമായി വിശ്വസിച്ചുപോരുന്ന രാഷ്ട്രീയകക്ഷി ചെയ്യുന്ന പാതകങ്ങളെ മുഴുവന്‍ പിന്തുണക്കാനുള്ള സന്നദ്ധത എന്ന്‌ ആരും അര്‍ത്ഥം കല്‌പിക്കരുത്‌.... TRUE

    ReplyDelete