Pages

Thursday, February 12, 2015

നാടും വീടും

പ്രായമാവുമ്പോൾ പലരും എത്തിച്ചേരുന്ന പുതിയൊരു തിരിച്ചറിവുണ്ട് :യഥാർത്ഥത്തിൽ ഞാൻ എന്റെ നാട്ടിനു പുറത്തേക്ക് വളരെയൊന്നും സഞ്ചരിച്ചിട്ടില്ല.എന്റെ ലോകം എന്റെ നാടിന്റെ ഭൂപ്രകൃതിയിലും അവിടുത്തെ മനുഷ്യരിലും ഒതുങ്ങും.മറ്റെന്തെങ്കിലും ഞാൻ ഭാവിച്ചിട്ട് കാര്യമില്ല.
ഏറ്റവും പുതിയ കഥാസമാഹാരമായ 'രാമേശ്വര 'ത്തിന് ഒരു മുഖക്കുറിപ്പെഴുതുമ്പോഴാണ് എനിക്ക്  ഇങ്ങനെയൊരു തോന്നലുണ്ടായത്.ആ കുറിപ്പിന് ഞാൻ 'മാടായിപ്പാറയുടെ മകൻ ' എന്ന്   പേരിടുകയും ചെയ്തു.'രാമേശ്വര'ത്തിന്റെയും എന്റെ രചനകളെ കുറിച്ച് പലപ്പോഴായി മുപ്പത് പേർ എഴുതിയ ലേഖനങ്ങളുടെ സമാഹാരത്തിന്റെയും പ്രകാശനം ജനുവരി 26 ന് മാടായിപ്പാറയിലെ ഗവ.ഗസ്റ്റ് ഹൗസിന്റെ മുറ്റത്തു വെച്ചാണ് നടന്നത്.കൈരളി ബുക്‌സും(കണ്ണൂർ) എരിപുരത്തെ യുവജനങ്ങളുടെ കൂട്ടായ്മയായ എരിപുരം.കോമും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.പുസ്തക പ്രകാശനം നാട്ടിൽവെച്ചു തന്നെ വേണമെന്നത് എന്റെ താല്പര്യമായിരുന്നു.മുമ്പൊന്നും ഞാൻ അങ്ങനെ ആലോചിച്ചിരുന്നില്ല.എവിടെയൊക്കെ പോയാലും എന്തൊക്കെ മാറ്റങ്ങൾ ജീവിതത്തിലുണ്ടായാലും ആത്യന്തികമായി ഞാൻ മാടായിപ്പാറയിലും അതിന്റെ ചെരിവുകളിലുമൊക്കെയായി ജീവിക്കുന്ന ആളാണെന്നും അക്കാര്യം വെളിപ്പെടുത്തിയേ മതിയാവൂ എന്നും ഉള്ള തോന്നിലിൽ നിന്ന്, വികാരത്തിൽ നിന്ന് ഉണ്ടായതു തന്നെയാവാം ആ താൽപര്യം.
ചടങ്ങിന് വന്നു ചേർന്ന സുഹൃത്തുക്കളിൽ ഭൂരിപക്ഷം പേരുമായി ചെറുപ്പം മുതലേ എനിക്ക് അടുപ്പമുണ്ട്.എനിക്ക് എരിപുരം.കോമിന്റെ ഉപഹാരം തന്ന ഉണ്ണിരാജനെയും എന്നെ പൊന്നാടയണിയിച്ച നാരായണനെയും അവരുടെ കുട്ടിക്കാലം തൊട്ടേ ഞാൻ കാണുന്നതാണ്.വള്ളിട്രൗസറിട്ട് വീട്ടിൽ വരുന്ന നാരായണന്റെ രൂപം ഇപ്പോഴും മനസ്സിലുണ്ട്.അന്ന് ആ കുഞ്ഞുമുഖത്ത് തെളിഞ്ഞു നിന്നിരുന്ന നിഷ്‌ക്കളങ്കത യാതൊരു മാറ്റവുമില്ലാതെ പുസ്തകപ്രകാശന ദിവസവും ഞാൻ കണ്ടു.
ഞാൻ ജനിച്ചതും നാല് വയസ്സ് വരെ വളർന്നതും പറശ്ശിനിക്കടവ്   മുത്തപ്പൻ മടപ്പുരയിൽ നിന്ന് പത്ത് മിനുട്ട് കൊണ്ട് നടന്നെത്താവുന്ന സ്ഥലത്തെ ചെറിയൊരു വീട്ടിലാണ്.നാല് വയസ്സ് വരെ അവിടെ കഴിഞ്ഞെങ്കിലും  രണ്ടുമൂന്ന് സുഹൃത്തുക്കളെ മാത്രമേ എനിക്ക് കിട്ടിയിരുന്നുള്ളൂ.അവരിൽ ആരെയും പല വർഷങ്ങളായി ഞാൻ കാണാറുമില്ല.
ഒന്നാം ക്ലാസ്സിൽ ചേർന്ന കാലം മതൽ (1958) ഞാൻ മാടായിപ്പാറയുടെ സമീപത്തുള്ള എരിപുരം എന്ന പ്രദേശത്തുകാരനാണ്.1966 മുതൽ ഞാൻ എഴുത്തിന്റെ ലോകത്തുണ്ട്. ആദ്യകാലത്ത് എരിപുരം പ്രഭാകരൻ എന്ന പേരിലും പിന്നീട് എൻ.പി എരിപുരം എന്ന പേരിലും ആയിരുന്നു എഴുത്ത്.എൻപ്രഭാകരൻ എന്ന്  ആദ്യമായി ഉപയോഗിക്കുന്നത് 1971 ലാണ്.
പത്തുനാല്പത്തഞ്ച് വർഷമായി എരിപുരത്ത് ഞാൻ വല്ലപ്പോഴുമെത്തുന്ന ഒരു സന്ദർശകൻ മാത്രമാണ്.കഴിഞ്ഞ പത്ത് വർഷമായി എരിപുരത്തേക്കുള്ള യാത്ര നന്നേ കുറഞ്ഞു.എങ്കിലും ഞാൻ എല്ലായ്‌പ്പോഴും മനസ്സിൽ കൊണ്ടുനടന്നിരുന്ന ഇടം മാടായിപ്പാറയും പരിസരപ്രദേശങ്ങളുമാണ്.
 എന്റെ തൊട്ടുതാഴെയുള്ള സഹോദരി എരിപുരത്തെ ഞങ്ങളുടെ പഴയ വീട് പൊളിച്ച് അതേ സ്ഥലത്ത് പുതിയ ഒന്ന് നിർമിച്ചു..ആ പുതിയ വീടിനോടും പഴയ വീടിനോടുള്ള മമത തന്നെ എനിക്ക് തോന്നുന്നുണ്ട്.സഹോദരിക്കും മറ്റൊരു ബന്ധുവിനും പുറമെ പല വർഷങ്ങളായുള്ള അടുത്ത സൗഹൃദം കൊണ്ട് ബന്ധുക്കൾ എന്നു തന്നെ പറയാവുന്ന പത്ത് പേരെങ്കിലും എരിപുരത്തുണ്ട്.അവരും മറ്റ് സുഹൃത്തുക്കളുമെല്ലാം ചേർന്നാൽ എരിപുരത്തെ എന്റെ ബന്ധുബലം സാമാന്യം വലുതാണ്.
2014 ഒക്ടോബർ 20 ന് ഞാനൊരു വാഹനാപകടത്തിൽ പെട്ടു.തലശ്ശേരി പോസ്റ്റ് ഓഫീസ് റോഡിൽ വെച്ചായിരുന്നു സംഭവം.തലയ്ക്ക് പരിക്കേറ്റ ഞാൻ നവംബർ 7ാം തിയ്യതി വരെ കോഴിക്കോട്ടെ മിംസ് ഹോസ്പിറ്റലിൽ കിടന്നു.വീട്ടിൽ തിരിച്ചെത്തിയിട്ട് ഇപ്പോൾ മൂന്ന് മാസം കഴിഞ്ഞെങ്കിലും എന്റെ ആരോഗ്യനില പഴയ പടിയായിട്ടില്ല.ശരീരക്ഷീണമുണ്ട്.പുറത്തിറങ്ങാൻ ധൈര്യം കിട്ടാത്തതുകൊണ്ട് വീട്ടിനകത്തു തന്നെ കഴിയുന്നതിനാൽ ഏകാന്തതയുടെ എടുത്താൽ പൊങ്ങാത്ത ഭാരവുമുണ്ട്.ഒന്നര മാസം മുമ്പാണ് ഞാൻ 'മാടായിപ്പാറയുടെ മകൻ ' എഴുതിയത്.അപ്പോൾ എന്റെ മനസ്സും ശരീരവും കുറേക്കൂടി ദുർബലമായിരുന്നു.അങ്ങനെയാണ് 'സെന്റിമെന്റൽ 'എന്നു തന്നെ പറയാവുന്ന ആ കുറിപ്പ് ഞാൻ എഴുതിപ്പോയത്.പക്ഷേ,അതിൽ എനിക്ക് ദു:ഖമൊന്നുമില്ല.കാരണം ആ കുറിപ്പിലും ഞാൻ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ.
മാടായിപ്പാറയുടെ മകൻ എഴുതിക്കഴിഞ്ഞതിനു ശേഷമാണ് അഡോണിസിന്റെ 'Celebrating Childhood ' എന്ന കവിതയും ഓർഹൻ പാമുക്കിന്റെ ' Istanbul Memories and the City ' എന്ന പുസ്തകവും വായിച്ചത്.രണ്ട് രചനകളിൽ നിന്നുമുള്ള ഏതാനും വരികൾ ഉദ്ധരിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം:

'ഞാനൊരു ഗ്രാമത്തിലാണ് ജനിച്ചത്
ഒരു ഗർഭപാത്രത്തെ പോലെ ചെറുതും
രഹസ്യാത്മകവുമായ ഗ്രാമത്തിൽ
ഒരിക്കലും ഞാനതിനെ വിട്ടുപോയില്ല
സമുദ്രത്തെയാണ് ഞാൻ സ്‌നേഹിക്കുന്നത്
തീരങ്ങളെയല്ല '
                                                                                             അഡോണിസ്       

'ഒരിക്കലും ഞാൻ ഈസ്റ്റാംബൂൾ വിട്ടുപോയില്ല.വീടുകൾ,തെരുവുകൾ,കുട്ടിക്കാലത്തെ എന്റെ അയൽവക്കങ്ങൾ ഒന്നിനെയും ഞാൻ വിട്ടുപോയില്ല.പലപ്പോഴായി ഞാൻ മറ്റ് പ്രവിശ്യകളിലും ജീവിച്ചിട്ടുണ്ടെങ്കിലും,അമ്പത് വർഷമായി ഞാൻ പാമുക് അപ്പാർട്‌മെന്റിലേക്കു തന്നെ തിരിച്ചു വരുന്നു.ഉമ്മ എന്നെ അവരുടെ കൈകളിലുയർത്തി ആദ്യമായി ലോകം കാണിച്ചു തന്നത് അവിടെ വെച്ചാണ്.ഞാൻ ഒരേ നഗരത്തിൽ,ഒരേ തെരുവിൽ,ഒരേ വീട്ടിൽ,ഒരേ കാഴ്ചയിലേക്ക് കണ്ണ് പായിച്ച് നിൽക്കുന്നു.ഈസ്റ്റാംബൂളിന്റെ വിധി എന്റെ വിധിയാണ്.ഞാൻ ഈ നഗരത്തോട് അത്രമേൽ ബന്ധപ്പെട്ടിരിക്കുന്നു.കാരണം എന്നെ ഞാനാക്കിയത് ഈ നഗരമാണ്.'
                                                                                      ഓർഹൻ പാമുക്
12/2/2015

1 comment:

  1. ഗ്രാമീണത തന്നെ ഒരു ഗൃഹാതുരത്വം ആശംസകൾ

    ReplyDelete