Pages

Saturday, February 14, 2015

ദൃഷ്ടാന്തങ്ങൾ

സോമൻ കടലൂർ ജനറൽ എഡിറ്ററും സിനീഷ് വേലിക്കുനി എഡിറ്ററുമായി പുറത്തിറക്കിയ പുതുകവിതാ പരമ്പരയിലെ ആദ്യപുസ്തകമാണ് 'ദൃഷ്ടാന്തങ്ങൾ'.വിമീഷ് മണിയൂർ,രേഖ മാതമംഗലം,എം.ജീവേഷ്,വിനോദ് കുമാർ എടച്ചേരി,രാജുക്കുട്ടൻ,സോമൻ കടലൂർ എന്നീ ആറ് കവികളുടെ ഏതാനും കവിതകളാണ് ' ദൃഷ്ടാന്തങ്ങളി 'ൽ ഉള്ളത്.കവികളോരോരുത്തരും അനുഭവങ്ങളുടെ വ്യത്യസ്ത മേഖലകളിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിലും അവരുടെ ആവിഷ്‌ക്കാര രീതികൾ തമ്മിൽ വലിയ സാമ്യമുള്ളതായി തോന്നാം.ഒരാളുടെ വരികളിൽ നിന്ന് മറ്റൊരാളുടേത് വേറിട്ടറിയുന്നത് മുഖ്യമായും കവിതകളിൽ ഇടം നേടിയിരിക്കുന്ന അനുഭവത്തെ /ആശയത്തെ ആധാരമാക്കിയാണ്.ആ ഒരു സംഗതി മാത്രമേ വായനക്കാരന്റെ/വായനക്കാരിയുടെ മനസ്സിൽ തങ്ങി നിൽക്കാൻ ഇടയുള്ളൂ.കവിത അതിന്റെ  വിഷയം ആവശ്യപ്പെടും വിധം തികച്ചും മൗലികമായ ഒരു രൂപം സ്വീകരിച്ച് വേറിട്ട് നിൽക്കുന്നതായി വായിക്കുന്നവർക്ക് അനുഭവപ്പെടുകയും അതിലൂടെ അത് ഓർമയിൽ ഇടം നേടുകയും ചെയ്യുക എന്നത്   പ്രധാനമാണെന്നാണ് പൊതുവേ കരുതിപ്പോരുന്നത്..മറ്റുള്ളവരുടെ വരികളും നിങ്ങളുടെ വരികളും തമ്മിൽ തിരിച്ചറിയാനാവാത്ത വിധത്തിൽ ആയിപ്പോവുന്നത് ദർശനത്തിന് വേണ്ടത്ര മൗലികത കൈവരാത്തതിന്റെ ലക്ഷണമായും കണക്കാക്കപ്പെടാറുണ്ട്.
 നാം ശീലിച്ചു പഴകിയ കവിതാവിമർശന രീതിയനുസരിച്ച്  അങ്ങനെയൊരു നിരീക്ഷണം ഇതിലെ പല രചനകളെ കുറിച്ചും സാധ്യമാണെങ്കിലും 'ദൃഷ്ടാന്തങ്ങൾ' ശ്രദ്ധേയമായ ഒരു സമാഹാരം തന്നെയാണ്.പി.പി.രാമചന്ദ്രനും എസ്.ജോസഫും കെ,ആർ.ടോണിയും വരെയുള്ള കവികളുടേതിൽ നിന്ന് പ്രകടമായ വ്യത്യാസം പുലർത്തുന്നുണ്ട് ഈ സമാഹാരത്തിലെ കവികളുടെ ശബ്ദങ്ങൾ.
ഇടക്കാലത്ത് ഏതാനും ചിലരുടെ കയ്യിൽ മാത്രമായി ഒതുങ്ങിപ്പോയ കവിത കഴിഞ്ഞ ഒന്നുരണ്ട് ദശകക്കാലത്തിനുള്ളിൽ എല്ലാവരുടെതുമായി തീർന്നിട്ടുണ്ട്.കാവ്യരൂപത്തെ സംബന്ധിച്ചോ കവിതക്ക് വിഷയമാക്കാവുന്ന അനുഭവങ്ങളെയോ വിചാരങ്ങളെയോ ആശയങ്ങളെയോ കുറിച്ചോ പ്രത്യേകിച്ചൊരു വേവലാതിയുമില്ലാതെ അനേകം പേർ എഴുതുന്നു.ആധുനികതയുടെ കാലത്തു തന്നെ ഈ വഴിക്കുള്ള മാറ്റത്തിന് തുടക്കം കുറിപ്പെട്ടുവെങ്കിലും പിന്നീടാണ് അതിന് വ്യക്തത കൈവന്നത്.മലയാള കവിതയിൽ സംഭവിച്ച ഈ ജനാധിപത്യവൽക്കരണത്തെ ആർജ്ജവത്തോടെ ഉദാഹരിച്ചു കാട്ടുന്നവയാണ് 'ദൃഷ്ടാന്തങ്ങളി'ലെ കവിതകൾ.പഴയ പ്രതീക്ഷകളും ധാരണകളും  മാനദണ്ഡങ്ങളുമൊക്കയായി ഇവയെ സമീപിക്കുന്നത് നിഷ്ഫലമായ അഭ്യാസം മാത്രമാവും.
'ദൃഷ്ടാന്തങ്ങളി'ലെ ഓരോ കവിയുടെയും രചനകളെ വേറിട്ടെടുത്ത് വിശദമായി പരിശോധിക്കാൻ ഈ കുറിപ്പിൽ ഉദ്ദേശിക്കുന്നില്ല.മലയാളത്തിലെ പുതുകവിതാ വായനക്കാർക്ക് സുപരിചിതനായ സോമൻ കടലൂർ മുതൽ അത്രയൊന്നും ജനശ്രദ്ധയിൽ വരാത്തവർ വരെ ഈ സമാഹാരത്തിൽ ഒത്തുചേർന്നിട്ടുണ്ട്.ഒരു പക്ഷേ,ഒറ്റയൊറ്റയായി നിൽക്കാനാവില്ല  രെു കൂട്ടായ്മയുടെ ശബ്ദം രേഖപ്പെടുത്താനാവും അവർ ഉദ്ദേശിച്ചത്.അതുകൊണ്ടു തന്നെ വലുപ്പച്ചെറുപ്പങ്ങളുടെയോ താരതമ്യത്തിന്റെ അടിസ്ഥാനത്തിലുള്ള മൂല്യനിർണയനത്തിന്റെയോ പ്രശ്‌നം ഇവിടെ ഉദിക്കുന്നില്ല.
എന്റെ മനസ്സിൽ പ്രത്യേകമായി ഊന്നിനിന്ന ചില വരികൾ / കവിതകൾ ഉദ്ധരിച്ചു ചേർത്ത് ഈ കുറിപ്പ് അവസാനിപ്പിക്കാം.
1
'കാലം കഴിയുമ്പോൾ
ക്ലാസ്മുറികളാകുന്ന ചില അടുക്കളകളുണ്ട്
ബ്ലാക്‌ബോർഡുകളാകുന്ന
ചുമരുകളും
തുരുമ്പിച്ച ആണികളിൽ
തൂങ്ങിയാടുന്നത്
പാതി കത്തിയ ഭൂപടങ്ങളല്ല,
സമയമെടുത്ത് മറ്റിവരയ്‌ക്കേണ്ട
ജീവിതങ്ങൾ തന്നെ!
(ഭൂപടങ്ങൾ -രേഖ മാതമംഗലം)
 2
കറിച്ചട്ടി
പൂച്ചട്ടിയായി
ഇടയ്ക്കിടക്ക് നിറയെ പൂവിടുമ്പോൾ
തിളച്ചു തൂവുന്ന രുചിയെന്നോർത്ത്
മുറ്റത്തേക്ക് ആഞ്ഞുപോകുന്നു.
(ആയൽ- രേഖ മാതമംഗലം)
3
പൂമ്പാറ്റകളുടെ
ചിറകുകളിലുള്ള
അത്ഭുതപ്പൂക്കളുടെ
ഒസ്യത്ത്
ഉറുമ്പുകൾക്കായി
എഴുതപ്പെട്ടിരിക്കുന്നു.
(ഒസ്യത്ത്- എം.ജീവേഷ്)
4
വിത്തുകളെപ്പോലും
വിശ്വസിക്കാനാവാത്ത കാലം
പൂക്കളെ നാം എങ്ങനെ ആക്ഷേപിക്കും
(പൊട്ടക്കവിതകൾ 'പാഠം' പഠിപ്പിക്കുന്നു-രാജുക്കുട്ടൻ.പി.ജി)
5
തീർച്ചയായും അത് തെറ്റാണ്
പക്ഷെ അതിനെപ്പറ്റി പറയാൻ എനിക്ക് പറ്റില്ല
എങ്ങനെ നോക്കിയാലും ഇത് കുറ്റമാണ്
എന്തുചെയ്യാം
ഇതിനെപ്പറ്റി ചോദിക്കാൻ ഞാനാളല്ല
വാസ്തവത്തിൽ
അവ തോന്ന്യാസമാണ്
പക്ഷെ അവയെപ്പറ്റി അന്വേഷിക്കാൻ
എന്നെ കിട്ടില്ല
നിങ്ങൾക്കറിയാമല്ലോ
നിങ്ങളെപ്പോലെ തന്നെ
ഞാനുമൊരു മാന്യനാണ്
(അമാന്യം -സോമൻ കടലൂർ)
14/2/2015

No comments:

Post a Comment