Pages

Wednesday, February 11, 2015

വെല്ലുവിളികൾ

കേരളത്തിൽ ആം ആദ്മി പാർട്ടി നേരിടാനിടയുള്ള വെല്ലുവിളികൾ പലതാണ്.ഇന്ത്യയിൽ തന്നെ ഏറ്റവും യാഥാസ്ഥിതികമായ രാഷ്ട്രീയം നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണിത്.ഇവിടെ ഓരോ പാർട്ടിയും ഓരോ പ്രദേശം നിയന്ത്രണത്തിൽ വെച്ചിരിക്കുകയാണ്.സി.പി.എമ്മിനും കോൺഗ്രസ്സിനും മാത്രമല്ല മുസ്ലീംലീഗിനും കേരളാ കോൺഗ്രസ്സിനും ബി.ജെ.പിക്കുമെല്ലാം പാർട്ടി ഗ്രാമങ്ങളുണ്ട്.അവിടെയൊന്നും 'ആം ആദ്മി 'ക്ക് എളുപ്പത്തിൽ പ്രവേശിക്കാനാവില്ല.
രാഷ്ട്രീയം ജാതി പോലെ പ്രവർത്തിക്കുന്ന സ്ഥലമാണ് കേരളം.ഓരോരുത്തരും ഓരോ രാഷ്ട്രീയ ജാതിയിൽ പിറന്നുവീണ മട്ടിലാണ് കാര്യങ്ങളെ സമീപിക്കുക.പുതുതായി രംഗത്തിറങ്ങുന്ന ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് വലിയൊരു പാതകമാണ് പലരുടെയും കണ്ണിൽ.ഈ മനോഭാവവും 'ആം ആദ്മി 'യുടെ വളർച്ചക്ക് വലിയ തടസ്സം സൃഷ്ടിക്കും.
ദില്ലിയെ പോലെ ഇന്ത്യയുടെ പല ഭാഗത്തുനിന്നും എത്തിച്ചേർന്നവരും സോഷ്യൽമീഡിയ വഴിയുള്ള ആശയ പ്രചരണത്തെ സ്വീകരിക്കുന്നവരുമല്ല കേരളത്തിലെ ജനങ്ങൾ.മൂർത്തമായ പ്രശ്‌നങ്ങളിൽ നേരിട്ട് ഇടപെട്ടുകൊണ്ടു മാത്രമേ മലയാളികളുടെ മനസ്സിൽ ഇടം നേടാനാവൂ.അവിടെയും തടസ്സങ്ങളുണ്ട്.കേരളത്തിൽ പല ജനകീയ പ്രശ്‌നങ്ങളും ഏറ്റെടുക്കുന്നത് സന്നദ്ധ സംഘടനകളാണ്.അവയിൽ പലതും വർഗീയ ശക്തികളുടെ പിന്തുണയുള്ളവയുമാണ്.ഈ സന്നദ്ധ സംഘടനകളോട് ഐക്യപ്പെട്ട് പ്രവർത്തിച്ചാൽ സ്വാഭാവികമായും അത് 'ആം ആദ്മി 'യുടെ വിശ്വാസ്യതയെ ബാധിക്കും.
ഒരു രാഷ്ട്രീയ പാാർട്ടിയും സന്നദ്ധസംഘടനയും കാര്യമായി ഇടപെടാത്ത പല പ്രശ്‌നങ്ങളും സംസ്ഥാനത്തുണ്ട്. .സ്വകാര്യാശുപത്രികളിൽ ജോലി ചെയ്യുന്ന നേഴ്‌സുമാർ, വ്യാപാരസ്ഥാപനങ്ങളിൽ ദിവസക്കൂലിക്കോ നന്നേ ചെറിയ മാസവേതനത്തിനോ ജോലി ചെയ്യുന്നവർ,അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ,സർക്കാർ സ്‌കൂളുകളിൽ തന്നെ അമിതഭാരം കൊണ്ട് വീർപ്പുമുട്ടുന്ന ഹെഡ്മാസ്റ്റർമാർ ഇങ്ങനെ പല വിഭാഗങ്ങളിൽ പെട്ടവരുടെ പ്രശ്‌നങ്ങളിൽ ആം ആദ്മി പാർട്ടിക്ക് ഇടപെടാം. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ,സാധാരണ കോളേജിലും പ്രൊഫഷണൽ കോളേജുകളിലും ഇന്റേണൽ അസ്സസ്‌മെന്റിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന വിദ്യാർത്ഥികൾ ഇവരൊക്കെ പുറത്തു നിന്നുള്ള ഇടപെടൽ കാത്തിരിക്കുന്നവരാണ്.വിദ്യാർത്ഥി സംഘടനകൾ അവരെ നിയന്ത്രണത്തിൽ വെച്ചിരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നിർദ്ദേശമനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന നാട്ടിൽ നീതി നിഷേധിക്കപ്പെടുന്ന വിദ്യാർത്ഥികളെ രക്ഷിക്കാൻ മറ്റാരെങ്കിലും ഇടപെട്ടേ മതിയാവൂ.അതുപോലെ,പല സ്വാകാര്യാശുപത്രികളിലും ചികിത്സ തേടി ചെല്ലുന്ന സാധാരണക്കാരായ രോഗികൾ നേരിടുന്ന അവഗണനയും ചൂഷണവും വഞ്ചനയും ആരെങ്കിലും പുറത്തുകൊണ്ടു വന്നേ മതിയാവൂ. പക്ഷേ,ഈ വക ഉത്തരവാദിത്വങ്ങളൊക്കെ ഏറ്റെടുക്കണമെങ്കിൽ നൂറ് കണക്കിന് സജീവ പ്രവർത്തകർ വേണം.ഇന്നത്തെ സാഹചര്യത്തിൽ ആം ആദ്മി പാർട്ടിക്ക് അത്രയും പേരുടെ സേവനം പ്രതീക്ഷിക്കാനാവില്ല.
ഇങ്ങനെ അനേകം പ്രതിബന്ധങ്ങൾ മുന്നിലുണ്ടെങ്കിലും വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെയും വ്യാജസന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയത്തിന്നെതിരെ സമീപഭാവിയിൽ ശക്തമായ ജനവികാരം ഉയർന്നുവരാനും അത് ആം ആദ്മി പാർട്ടിക്ക് അനുകൂലമായ വലിയൊരു രാഷ്ട്രീയ തരംഗമായി രൂപപ്പെടാനുമുള്ള സാധ്യതയും ഉണ്ട്.ജനങ്ങളോട് ജനങ്ങളുടെ ഭാഷയിൽ സംസാരിക്കുകയും സംസ്ഥാനത്ത് ഉടനീളം ഓടിച്ചാടി നടന്ന് പ്രവർത്തിക്കാൻ തയ്യാറാവുകയും ചെയ്യുന്ന നാലോ അഞ്ചോ നേതാക്കൾ അപ്പോഴേക്കും ഇവിടെ ഉണ്ടായി വരണം. നിലിലുള്ള ആം ആദ്മി നേതാക്കൾ പൊതുപ്രശ്‌നങ്ങളിൽ ശക്തമായ നിലപാട് സ്വീകരിച്ച് രംഗത്തിറങ്ങുകയും വേണം.
                                                                                   11/2/2015

No comments:

Post a Comment