Pages

Thursday, February 26, 2015

എഴുപതുകളിൽ നിന്ന് ഒരു ചലച്ചിത്രസ്മരണ

1970 കാലത്ത് കേരളത്തിലെ ഫിലിംസൊസൈറ്റികൾ അവരുടെ ചലച്ചിത്രമേളകളിൽ ഒന്നാം ദിവസത്തെ ഒന്നാം ചിത്രമായി പ്രദർശിപ്പിച്ചിരുന്നത് 'An Occurrence at Owl Creek Bridge ആണ്.അമ്പതോ കൂടിയാൽ നൂറോ ആളുകൾ  രണ്ടോ മൂന്നോ ദിവസം കൂടിയിരുന്ന് ആർട്‌സിനിമകൾ,മിക്കവാറും വിദേശസിനിമകൾ തന്നെ ,കാണുന്ന ഏർപ്പാടാണ് ഈ ചലച്ചിത്രമേള. അന്നത്തെ ആ പ്രേക്ഷകർക്ക് ഈ ചിത്രം നൽകിയ അനുഭവത്തിന്റെ ആഴം പുതിയ തലമുറയെ ബോധ്യപ്പെടുത്താനാവുമെന്നു തോന്നുന്നില്ല.
അമേരിക്കൻ എഴുത്തുകാരനായ അംബ്രോസ് ബിയേഴ്‌സിന്റെ Ambrose Bierce (1842–1914)ന്റെ അതേ പേരിലുള്ള ചെറുകഥയെ ആധാരമാക്കിയാണ് 'An Occurrence at Owl Creek Bridge' നിർമിക്കപ്പെട്ടിരിക്കുന്നത്.റോബർട്ട് എൻറിക്കോ  (Robert Enrico) സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം ചിത്രം 1962ലെ കാൻ ചലച്ചിത്രോത്സവത്തിൽ സമ്മാനിതമാവുകയുണ്ടായി.അംബ്രോസ് ബിയേഴ്‌സിന്റെ ചെറുകഥ അമേരിക്കൻ സാഹിത്യത്തിലെ ഒരു ക്ലാസ്സിക് ആയാണ് പരിഗണിക്കപ്പെടുന്നത്. റോബർട്ട് എൻറിക്കോവിന്റെ ഹ്രസ്വചിത്രം എക്കാലത്തെയും ചലച്ചിത്രക്ലാസ്സിക്കുകളിൽ ഒന്നാണെന്ന കാര്യത്തിലും സംശയമില്ല.
ആഭ്യന്തരയുദ്ധത്തിൽ തടവിലാക്കപ്പെട്ട ഒരാളെ ഒരു കാട്ടുപ്രദേശത്തെ ചെറിയ പാലത്തിൽ നിന്ന് തൂക്കികൊല്ലന്നതാണ് ചിത്രത്തിലെ അടിസ്ഥാനസംഭവം.തൂക്കിൽ നിന്ന് നദിയിലേക്ക് വീഴുന്ന മനുഷ്യൻ തന്റെ കൈകാലുകളെ ബന്ധിച്ചിരിക്കുന്ന കയർക്കുരുക്കുകളിൽ നിന്ന് സ്വയം രക്ഷപ്പെടുത്തി തൊട്ടുപിന്നാലെ വരുന്ന മരണത്തിൽ നിന്ന് വല്ലപാടും രക്ഷപ്പെട്ട് നദിയിലെ ഒഴുക്കും കുത്തൊഴുക്കും പിന്നിട്ട് നീന്തിനീന്തി അവസാനം തന്റെ വീടിന്റെ ഗേറ്റിലെത്തുന്നു.അയാൾ തന്റെ ഭാര്യയുടെ നേർക്ക് ഓടിയടുക്കുന്നു.പക്ഷേ അവർക്ക് പരസ്പാരാശ്‌ളേഷം സാധ്യമാകുന്നതിന് തൊട്ടുമുമ്പുള്ള നിമിഷത്തിൽ അയാൾ ശരീരം മരവിച്ചതുപോലെ പുറകോട്ട് മറിഞ്ഞു വീഴുന്നു.പിന്നെ നാം കാണുന്നത് പാലത്തിനുമുകളിൽ നിന്ന് തൂങ്ങിയാടുന്ന അയാളുടെ ജഡമാണ്.മരണത്തിന് മുമ്പുള്ള നിമിഷങ്ങളിൽ ആ മനുഷ്യൻ ഭാവന ചെയ്തതാണ് നദിയിൽ വീണ് രക്ഷപ്പെടുന്നതു മുതൽ വീട്ടിൽ ഭാര്യയുടെ അടുത്തെത്തുന്നതുവരെയുള്ള സംഭവങ്ങൾ എന്ന് അതോടെ വ്യക്തമാകുന്നു.
ആദ്യന്തം പിരിമുറുക്കമുള്ളതാണ് An Occurrence at Owl Creek Bridge.അനാവശ്യമായ ഒറ്റ ഷോട്ട് പോലുമില്ല.സംവിധാനമികവിന്റെ ലോകത്തരമായ ഉദാഹരണങ്ങളിൽ ഒന്ന്.ഇതും ഇതു പോലുള്ള ലോകസിനിമയിലെ മറ്റ് ക്ലാസ്സിക്കുകളും കണ്ട് പരിചയിച്ച എഴുപതുകളിലെ ഫിലിംസൊസൈറ്റി പ്രേക്ഷകർക്ക് മലയാളത്തിലെ പുതിയ സിനിമകൾ കണ്ടാൽ ഓക്കാനം വരുന്നതിൽ അത്ഭുതമില്ല.

26/2/2015

No comments:

Post a Comment