മാധ്യമം ഏതായാലും കുട്ടികളുടെ കലാപ്രവർത്തനങ്ങൾ ചുറ്റുപാടുമുള്ള സംഗതികളെയും അനുഭവങ്ങളെയും പല കോണുകളിൽ നിന്നു നിരീക്ഷിച്ച് അവയുടെ യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചേരുന്നതിനും അവയെ പൂർണമായി മനസ്സിലാക്കുന്നതിനും വേണ്ടി അവർ നടത്തുന്ന ബൗദ്ധികാധ്വാനവും അഭ്യാസവും കൂടിയാണ്.ശരീരത്തിന്റെ വളർച്ചയ്ക്ക് ശരീരഭാഗങ്ങളെ നാനാതരത്തിൽ ചലിപ്പിക്കുകയും പല തരം അഭ്യാസങ്ങളിലൂടെ വളർച്ചയെ ത്വരിപ്പിക്കുന്നതിന് ആവശ്യമായ അയവ് ശരീരത്തിന് ഉണ്ടാക്കുകയും വേണം.ബുദ്ധിയുടെയും വൈകാരിക ലോകത്തിന്റെയും വളർച്ച കലാനിർമാണത്തിലൂടെയും ആസ്വാദനത്തിലൂടെയുമാണ് സംഭവിക്കുക.ഇത് കുട്ടികൾ സ്വന്തമായിത്തന്നെ മനസ്സിലാക്കും.അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള കുട്ടികൾ ഏതെങ്കിലുമൊരു മാധ്യമം സ്വീകരിച്ചുകൊണ്ട് കലാപ്രവർത്തനം നടത്തുന്നത്.മൂന്ന്- നാല് വയസ്സ് മുതൽ പതിനാറ്-പതിനേഴ് വയസ്സ് വരെയുള്ള കുട്ടികൾ അവരുടെ മസ്തിഷ്‌ക വളർച്ചയും അനുഭവങ്ങളിലുള്ള അന്തരവും സൃഷ്ടിക്കുന്ന വ്യത്യാസങ്ങളോടെ യാഥാർത്ഥ്യങ്ങളുമായി സംവാദത്തിലേർപ്പെടുന്നതിന് ചലച്ചിത്രം ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളെ ഉപയോഗിച്ചു വരുന്നുണ്ട്.തങ്ങൾ നിർമിക്കുന്ന ചലച്ചിത്രങ്ങളുടെ സാങ്കേതികവശങ്ങൾ മികവുറ്റതാക്കുന്നതിന് കുട്ടികൾക്ക് തീർച്ചയായും മുതിർന്നവരുടെ സഹായം തേടാം.പക്ഷേ,അതിന്റെ ഉള്ളടക്കം കുട്ടികൾ തന്നെ നിർണയിക്കണം.ഓരോ അനുഭവത്തിന്റെയും ഏതേത് വശങ്ങളെ എങ്ങനെ ദൃശ്യവൽക്കരിക്കണം എന്ന തീരുമാനം പ്രാഥമികമായി കുട്ടികളുടേതു തന്നെയാവണം.മുതിർന്നവർ അതിൽ ഇടപെടരുത്. തങ്ങളുടെ ചുറ്റുപാടുകളെ , അനുഭവങ്ങളെ കുട്ടികൾ എങ്ങനെ കാണുന്നു,മനസ്സിലാക്കുന്നു,വിമർശിക്കുന്നു എന്ന് അവർ നിർമിക്കുന്ന ചിത്രങ്ങളിലൂടെ മനസ്സിലാക്കുകയാണ് മുതിർന്നവർ ചെയ്യേണ്ടത്.അതല്ലാതെ മുതിർന്നവർ തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ പറയാൻ വേണ്ടി കുട്ടികളുടെ ദൃശ്യഭാഷ എന്ന് അവർ സങ്കൽപിക്കുന്ന ഭാഷ ഉപയോഗിച്ച് ഉണ്ടാക്കുന്നതാകരുത് കുട്ടികളുടെ സിനിമ.തലം ഫിലിസൊസൈറ്റിയുടെയും കേരള ചലച്ചിത്ര അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ തലശ്ശേരിയിലെ സ്‌പോർട്ടിംഗ് യൂത്ത്‌സ് ലൈബ്രറി(തിരുവങ്ങാട്)യിൽ 2017 മെയ് 21 മുതൽ 23 വരെ നടക്കുന്ന കുട്ടികളുടെ ചലച്ചിത്ര ആസ്വാദന കേമ്പ് ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കെ ശ്രോതാക്കളുമായി ഞാൻ പങ്കുവെച്ചത് ഇങ്ങനെ ചില ആശയങ്ങളാണ്
No comments:
Post a Comment