Pages

Monday, April 30, 2012

ഒരു കവിതയുടെ കാതല്‍

എസ്.ജോസഫിന്റെ 'കാതല്‍' എന്ന കവിത(ജനശക്തി വിഷുപ്പതിപ്പ് 2012)അത് നല്‍കുന്ന സവിശേഷമായ വൈകാരികാനുഭവങ്ങള്‍ കൊണ്ടും അത് ഉള്‍ക്കൊള്ളുന്ന പ്രശ്നപൂരിതമായ ആശയലോകം കൊണ്ടും ഏറെ ശ്രദ്ധേയമായ ഒന്നാണ്. പ്രകൃതിയും ഗ്രാമീണസംസ്കൃതിയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നതായി മുതിര്‍ന്ന മനുഷ്യന്‍ തിരിച്ചറിയുന്ന ചില നന്മകളുടെയും വിശുദ്ധികളുടെയും ലോകത്തിലേക്കാണ് കവിത നമ്മെ കൊണ്ടുപോവുന്നത്.വിപണിയുടെ നിയമങ്ങള്‍ എല്ലാ മനുഷ്യബന്ധങ്ങളുടെയും രൂപഭാവങ്ങള്‍ നിര്‍ണയിക്കുന്ന കാലത്ത് ഇത്തരം ചില ഗൃഹാതുരതകള്‍ വഴിയുള്ള ആത്മശുദ്ധീകരണത്തിന് വമ്പിച്ച പ്രാധാന്യമുണ്ട്.കാലം മാറുമ്പോള്‍ നമുക്ക് എന്നേക്കുമായി നഷ്ടപ്പെടുന്ന ഒട്ടുവളരെ അനുഭവങ്ങളുണ്ട്.ലളിതവും സുന്ദരവും കലര്‍പ്പില്ലാത്തതുമായ അനുഭവങ്ങള്‍.അവയ്ക്ക് പകരം വെക്കാനായി പുതിയ ലോകത്തില്‍ നിന്ന് ഒന്നും കണ്ടെടുക്കാനാവില്ല.ഓരോ തലമുറയും ഈ വേദന അനുഭവിക്കുകയും പഴയ ഓര്‍മകളിലേക്കുള്ള സഞ്ചാരങ്ങളെ വലിയ വൈകാരികാവശ്യങ്ങളായി അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.
ജോസഫിന്റെ കവിത പൂര്‍ണരൂപത്തില്‍ ഉദ്ധരിച്ചുകൊണ്ട് ഈ ചെറുകവിതയിലെ ആശയലോകങ്ങളില്‍ അടങ്ങിയിട്ടുള്ള യാഥാര്‍ത്ഥ്യങ്ങളിലേക്കും വൈരുദ്ധ്യങ്ങളിലേക്കും പ്രവേശിക്കാം.
കാതല്‍
1
പലതും വേണ്ടെന്നുവച്ച്
കാറ്റുള്ള ഒരിടത്ത് ഇരുന്നാല്‍
പാടത്തുകൂടി നടന്നാല്‍
ചെറിയ മലകയറിയാല്‍
ഉറവയില്‍ നിന്ന് വെള്ളം മൊത്തിക്കുടിച്ചാല്‍
മരങ്കൊത്തി മരത്തില്‍ കൊത്തുന്ന ഒച്ച കേള്‍ക്കാം.
2
പുഴക്കരികേ പഴുക്കാമരങ്ങള്‍ നിരക്കുന്നു
ഇടയില്‍ ചാണകം മെഴുകിയ വീടുകള്‍
പുഴയോരത്ത് വിറകൊടിക്കുന്ന ഒരു സ്ത്രീ
നടപ്പാതയിലെ ചതുപ്പില്‍ കവുങ്ങിന്‍ തടി കീറിയിട്ടിരിക്കുന്നു
ദൂരങ്ങളില്‍ വറ്റിക്കിടക്കുന്ന ചില അരുവികളോ പേരറിയാത്ത
ചെടികള്‍ ചൂടുന്നു
ഇവിടെ മണ്‍കറ്റില്‍ ചാരിയിരുന്ന് കരയണം
3
തണല്‍ ചൊരിഞ്ഞ മരത്തിനു താഴെ ഒരു ചങ്ങാതി
അയാളുടെ വീടാണത്
മഞ്ഞും മഴയുമേല്‍ക്കേ
അയാള്‍ വിറയ്ക്കുന്നുണ്ടാവണം
അയാള്‍ യാഥാര്‍ത്ഥ്യത്തില്‍ കഴിയുന്നവന്‍
അരിച്ചെടുത്താല്‍ മനുഷ്യന്‍ ഇത്രയേ ഉള്ളൂ.
 ഒന്നാം ഖണ്ഡത്തില്‍ മരം കൊത്തി മരത്തില്‍ കൊത്തുന്ന ഒച്ച കേള്‍ക്കണമെങ്കില്‍ പലതും വേണ്ടെന്നു വെക്കണമെന്നു കവി പറയുന്നു.പലതും എന്ന് പറയുന്നത് പ്രകൃതിയില്‍ നിന്ന് വേറിട്ടുപോയും പ്രകൃതിയില്‍ പല തരത്തില്‍ ഇടപെട്ടും പ്രകൃതിയെ പല തരത്തില്‍ നിയന്ത്രിച്ചുമൊക്കെ മനുഷ്യന്‍ നിര്‍മിച്ച നാഗതികതയുടെ നേട്ടങ്ങള്‍ തന്നെയാണ്.  പ്രകൃതിയുമായുള്ള ബന്ധത്തെ ഈ തരത്തിലൊക്കെ മാറ്റിത്തീര്‍ത്തു തന്നെയേ മനുഷ്യന് മുന്നോട്ട് പോകാനാവൂ.പ്രകൃതിയ്ക്കുമേല്‍ ഒരു തരത്തിലും ഇട പെടില്ല എന്ന നിലപാടുമായാണ് ജീവിക്കുന്നതെങ്കില്‍ മനുഷ്യന് പിന്നെ പ്രകൃതിയുടെ നിയമങ്ങള്‍ അനുസരിച്ച് മറ്റൊരു ജന്തുവായി നിലനില്‍ക്കുകയേ സാധ്യമാവൂ.അങ്ങനെയാവുമ്പോള്‍ ഇതര ജീവികളില്‍ നിന്ന് വ്യത്യസ്തമായി ബുദ്ധിയും ഭാവനയും പ്രയോജനപ്പെടുത്തി സ്വേച്ഛയനുസരിച്ച് പുതുനിര്‍മിതികള്‍ സാധിക്കാനുള്ള മനുഷ്യന്റെ വൈഭവം പാഴായിപ്പോവും.ഫലത്തില്‍ അത് മനുഷ്യത്വത്തിന്റെ തന്നെ നിരാകരണമായിത്തീരും.
രണ്ടാം ഖണ്ഡത്തില്‍ ഗ്രാമജീവിതത്തിന്റെ ലാളിത്യവും അകളങ്കിതമായ അവസ്ഥയും ദൈന്യവും വ്യക്തമാക്കുന്ന ചില ദൃശ്യങ്ങളാണുള്ളത്.ആ ദൃശ്യങ്ങളുടെ അവതരണത്തിനു ശേഷമാണ് 'ഇവിടെ മണ്‍കറ്റില്‍ ചാരിയിരുന്ന് കരയണം' എന്ന വരി വരുന്നത്.മുന്‍വരികളില്‍ വിവരിച്ചിരിക്കുന്ന സരളതകളെപ്പോലെ തന്നെ നിര്‍വ്യാജമാണ് ആ കരച്ചിലും.ആ കരച്ചിലിലുമുണ്ട് അനുപമവും അവ്യാഖ്യേയവുമായ ആനന്ദം.അത് തിരിച്ചറിയണമെന്നുണ്ടെങ്കില്‍ ആദ്യവരികളില്‍ വിവരിച്ചിരിക്കുന്ന ജീവിതം നിലകൊള്ളുന്ന പരിസരത്തിന്റെ അകൃത്രിമത്വം അറിയണം.അതിന്റെ ദൈന്യതയെ പോലും മനോഹരമാക്കുന്ന സ്നേഹത്തെയും നൈസര്‍ഗികതയെയും അറിയണം.
  മൂന്നാം ഖണ്ഡത്തില്‍ അവതരിപ്പിച്ചിരിക്കുന്ന വിറക്കുന്ന മനുഷ്യനെ \'യാഥാര്‍ത്ഥ്യത്തില്‍ കഴിയുന്നവന്‍\' എന്നാണ് കവി നിര്‍വചിച്ചിരിക്കുന്നത്.യാഥാര്‍ത്ഥ്യത്തില്‍ കഴിയുന്ന മനുഷ്യന് തണല്‍ ചൊരിയുന്ന മരത്തിന്റെ ചുവട് തന്നെയാണ് വീട്.അയാള്‍ മനുഷ്യാവസ്ഥയുടെ ഏറ്റവും പ്രാഥമികമായ തലത്തിനപ്പുറം പോകാത്ത മനുഷ്യനാണ്.മനുഷ്യന്‍ ഭാവനയും അധ്വാനശേഷിയും ധനവുമെല്ലാം ഉപയോഗിച്ച് നിര്‍മിക്കുന്ന പാര്‍പ്പിടത്തില്‍ നിന്നകലെയാണ് അയാളുടെ പാര്‍പ്പ്.\'അരിച്ചെടുത്താല്‍ മനുഷ്യന്‍ ഇത്രയേ ഉള്ളൂ\' എന്ന കവി വാക്യത്തിലെ പ്രധാന സൂചന മനുഷ്യനെ പ്രാകൃതാവസ്ഥയില്‍ നിന്ന് പുറത്തേക്കെത്തിക്കുകയും പ്രകൃതിയില്‍ നിന്ന് ബഹുദൂരം മുന്നിലേക്ക് അല്ലെങ്കില്‍ അകലേക്ക് കൊണ്ടുപോവുകയും ചെയ്ത ഘടകങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ അരിച്ചെടുത്തു കളയേണ്ട അനാവശ്യസംഗതികള്‍ക്കപ്പുറം ഒന്നുമല്ല എന്നതാണ്.ഇത് ശുദ്ധമായ കാല്പനിക നിലപാടും'കാതല്‍' വാസതവത്തില്‍ നൂറുശതമാനവും കാല്പനികമായ കവിതയുമാണ്. കവിതയുടെ ഉള്ളടക്കത്തെ രൂപപ്പെടുത്തിയിരിക്കുന്നതും അതിനെ യാഥാര്‍ത്ഥ്യത്തിന്റെ/ അനുഭവത്തിന്റെ മറുവശത്തേക്ക് പോകാന്‍ അനുവദിക്കാത്തതും കവിയുടെ കാല്പനികനിലപാട് തന്നെയാണ്.നന്നായി എഴുതപ്പെടുന്ന  ഒരു കവിതയും പക്ഷേ വായനക്കാരെ ആരംഭത്തില്‍ത്തന്നെ അതിന്റെ ഉള്ളടക്കത്തിന്റെ ദാര്‍ശനികദൌര്‍ബല്യങ്ങളെ കുറിച്ചുള്ള യുക്തിവിചാരങ്ങളിലേക്ക് നയിക്കില്ല.കവിത നല്‍കുന്ന അനുഭവത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ യുക്തിവിചാരത്തിന് ഇടമില്ല.കവിത അനുഭവത്തെ അര്‍ത്ഥമാക്കുകയല്ല മറിച്ച് സ്വയം അനുഭവം തന്നെ ആയിത്തീരുകയാണ് ചെയ്യേണ്ടത് എന്നതാണ് കാല്പനികരുടെ മതം."A poem should not mean but be’ എന്ന് ആര്‍ക്കിബാള്‍ഡ് മക്ലീഷ്.എന്നാല്‍ കവിത ഏതനുഭവമായിത്തീര്‍ന്നാണോ സ്വയം നിര്‍വചിക്കുന്നത് അതിനു പിന്നില്‍ മറഞ്ഞു നില്‍ക്കുന്ന വിപരീതങ്ങളെ കൂടി കണ്ടെടുക്കുന്നതിലൂടെയാണ് വായന സമഗ്രത കൈവരിക്കുന്നത്.അല്ലാതുള്ള വായന വിധേയത്വത്തോടെയുള്ള അനുകരണാത്മക വായനയാണ്.കവി നല്‍കുന്ന അനുഭവത്തില്‍ അവസാനിക്കുന്ന വായനയാണ്.
മൂന്ന് സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച് 'കാതലി'ല്‍ കവി പറയുന്ന കാര്യം നാഗരികതയെ നിയന്ത്രിക്കുന്ന വ്യാപാരയുക്തികള്‍ക്കും നിയമങ്ങള്‍ക്കും കടന്നുചെല്ലാനാവാത്ത ഇടങ്ങളില്‍ ലളിതമധുരമായ ചില അനുഭവങ്ങളുണ്ടെന്നും അവയെ ഏറ്റവും ശുദ്ധവും സരളവുമായ അവസ്ഥയില്‍ നേരിട്ടറിയണമെങ്കില്‍ നമ്മെ പരിഷ്ക്കാരികളും വിപണിനാഗരികതയുടെ നടത്തിപ്പുകാരുമാക്കുന്ന പലതും ഉപേക്ഷിക്കണമെന്നും ആണ്.പ്രായോഗിക ജീവിതത്തില്‍ ഈ ഉപേക്ഷിക്കല്‍ മിക്കവാറുംഅസാധ്യമാണെന്നത് ഒന്നാമത്തെ കാര്യം.എല്ലാം ഉപേക്ഷിച്ചു എന്ന് താല്‍ക്കാലികമായി ഭാവിച്ചുകൊണ്ട് ചെന്നാല്‍  പ്രകൃതിയില്‍ നിന്ന് നമുക്ക് ചില ആനന്ദങ്ങള്‍ കൈവരുന്നുവെങ്കില്‍ അത് നാം അനുഭവിക്കുന്ന പുതിയ നാഗരികജീവിതം നല്‍കുന്ന സൌകര്യങ്ങളുടെയും സുരക്ഷാബോധത്തിന്റെയും കൂടി ഫലമായിട്ടാണെന്നത് അതിലും പ്രധാനപ്പെട്ട കാര്യം.കവിതയില്‍ വിവരിച്ചിരിക്കുന്ന ഗ്രാമീണ പ്രകൃതിയില്‍ ജീവിക്കുന്നവരുടെ അനുഭവം നാഗരികന് പുറംകാഴ്ചയില്‍ നിന്നോ ഓര്‍മയില്‍ നിന്നോ ലഭിക്കുന്നതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണെന്നും അത് പലപ്പോഴും ദുരിതങ്ങളും വേദനകളും നിറഞ്ഞതാണെന്നും കവിക്കും നമുക്കുമെല്ലാം അറിയാം.പക്ഷേ,ആ ജീവിതത്തിന് കവി പറഞ്ഞിരിക്കുന്നതു പോലെ അനുഭവം അതിന്റെ പ്രാഥമികപരിശുദ്ധിയോടെ നിലനില്‍ക്കുന്ന ഒരു തലവും കൂടി ഉണ്ടെന്നതും ആ തലത്തില്‍ മനുഷ്യന് അനുഭവിക്കാനാവുന്ന ആനന്ദത്തിന് തുല്യമായി മറ്റൊന്നില്ലെന്നതും അത്രയും തന്നെ തികവുറ്റ വാസ്തവമാണ്.അതേ സമയം മനുഷ്യന്‍ പ്രകൃതിയുടെ ഭാഗം മാത്രമായി നിലനില്‍ക്കുന്ന അവസ്ഥയെ സ്വാതന്ത്യ്രമെന്നു വിളിക്കാനോ ആനന്ദകരമെന്നു വിശേഷിപ്പിക്കാനോ ആവുകയുമില്ല.അത് സ്വാതന്ത്യ്രമല്ല പൌരാണികമായ അസ്വാതന്ത്യ്(archaic unfreedom-Adorno)മാണ്.പ്രകൃതിയിലെ സൌന്ദര്യാനുഭവങ്ങളുടെ നിര്‍മാതാക്കളായി നാം അംഗീകരിച്ചിട്ടുള്ള തേനീച്ചയും കുയിലും പൂമ്പാറ്റയുമെല്ലാം അനുഭവിക്കുന്ന അതേ അസ്വാതന്ത്യ്രം.ആ അസ്വാതന്ത്യ്രത്തിന്റെ പ്രകീര്‍ത്തനമൊന്നുമല്ല ജോസഫിന്റെ കവിതയുടെ ലക്ഷ്യമെന്ന് അനായാസമായി സ്ഥാപിക്കാം.എന്നാല്‍ ഒരു മനുഷ്യന്റെ ജീവിതത്തിന് വാസ്തവത്തില്‍ വളരെ കുറച്ച് വസ്തുക്കളും സൌകര്യങ്ങളും മാത്രമേ ആവശ്യമുള്ളൂ എന്ന തോറോവിന്റെയും ഗാന്ധിജിയുടെയുമൊക്കെ ദര്‍ശനത്തോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന ഒരു മനോഭാവമാണ് കാതല്‍ എന്ന കവിതയുടെ ഭാവാന്തീക്ഷത്തെ രൂപപ്പെടുത്തിയിരിക്കുന്നത് എന്ന് തീര്‍ത്തു പറയാം.പുരോഗതിയുടെയും വികസനത്തിന്റെയുമെല്ലാം ഭാഗമായി വ്യക്തിയുടെ ജീവിതം വസ്തുക്കളുടെ സംഭരണം മാത്രം ലക്ഷ്യമാക്കുന്ന വിചിത്രമായൊരു പ്രക്രിയയായി മാറുകയും പ്രകൃതിയുമായി ബന്ധപ്പെട്ട സ്വാഭാവിക വൈകാരിക ചലനങ്ങളെല്ലാം മനസ്സിന് അപരിചിതമായിത്തീരുകയും ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന ആത്മവേദനയില്‍ നിന്നു തന്നെയാണ് ആ കവിത പിറവിയെടുത്തിരിക്കുന്നത്.അതുകൊണ്ടു തന്നെയാണ് കവിതയിലെ ജീവിതചിത്രങ്ങളുടെ മറുവശത്ത് നിലകൊള്ളുന്ന വാസ്തവങ്ങളെ കുറിച്ചുള്ള വിചാരങ്ങളും കവിത നിര്‍വഹിക്കുന്ന സൌന്ദര്യാനുഭവനിര്‍മാണത്തെ വലുതായി ബാധിക്കാത്തത്.രൂപം കൊണ്ട കാലഘട്ടവുമായി വിദൂരബന്ധം പോലും ഇല്ലാത്ത അവസ്ഥയിലും ഒരു ഫോക് കലാരൂപം അനന്യമായൊരു വൈകാരികാനുഭവം നല്‍കുന്നതിനോട് താരതമ്യം ചെയ്യാവുന്ന സംഗതിയാണത്.
അവസാനമായി ഒരു കാര്യം കൂടി.പ്രകൃതിയെ ആദിമമനുഷ്യര്‍ നാം ഇന്ന് സങ്കല്പിക്കുന്ന രീതിയില്‍ എല്ലാ ഘട്ടങ്ങളിലും ഭക്ത്യാദരപൂര്‍വമാണ് സമീപിച്ചിരുന്നത് എന്ന് കരുതുന്നത് തെറ്റാണ്.തങ്ങള്‍ക്കാവശ്യമുള്ള സന്ദര്‍ഭങ്ങളില്‍,ആവശ്യമായ രീതിയില്‍ പ്രകൃതിയില്‍ ഇടപെടുന്നതിലും ഇന്നത്തെ പ്രയോഗം സ്വീകരിച്ച് പറഞ്ഞാല്‍ പ്രകൃതിയെ ആക്രമിക്കുന്നതിലും അവര്‍ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ലെന്നു മാത്രമല്ല പലപ്പോഴും ആ ഇടപെടലുകള്‍ക്ക് ആഘോഷത്തിന്റെ സ്വഭാവമുണ്ടായിരുന്നു താനും.ഒഡീഷയിലെ ഒരാദിവാസി വിഭാഗമായ സഓറകളുടെ ഈ ഗാനം അതിനുള്ള സംശയാതീതമായ തെളിവാണ്.
"പ്രിയസോദരരേ പോരൂ
പ്രിയ സോദരിമാരേ പോരൂ
ഊക്കില്‍ തലപൊന്തിച്ചുനില്‍ക്കുന്ന
ഓന്തിനെപ്പോലുള്ള
ആ കുന്നിന്റെ ചെരിവില്‍
വരൂ പോകാം നമുക്ക്
ചുണ്ടെലിപ്പല്ലുള്ള അരിവാള്‍ കൊണ്ട് നാം
കാടും കുറ്റിച്ചെടുകളും വയക്കും
മരങ്ങള്‍ നാം മുറിക്കും
മണ്ണ് നാം കുഴിക്കും
മഴദേവനിതാ ഇനി നേരം
വൈകാതെയിങ്ങെത്തും
പ്രിയസോദരേ പോരൂ
പ്രിയസോദരിമാരെ പോരൂ
പോരുന്നേരം മറന്നേക്കരുതേ
ഓടക്കുഴല് കൊണ്ടുപോരാന്‍.''
(ജനശക്തി വാരിക 2012 ഏപ്രില്‍ 28-മെയ് 4)

1 comment:

  1. വ്യാഖ്യാനിച്ച് തന്നത് വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete