മാടായി എൽ.പി.സ്‌കൂളിലെ എന്റെ വിദ്യാർത്ഥിജീവിതകാലത്തിന്റെ ഓർമകൾക്ക് അമ്പത്തഞ്ച് വർഷത്തിന്റ പഴക്കമുണ്ട്.പഠിക്കാനുള്ള ഇടം എന്നതിലേറെ സ്‌കൂൾ അന്നൊക്കെ ഒരു വികാരമായിരുന്നു.ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങൾ അറിയുമ്പോൾ അനുഭവിച്ച ആവേശം ഓർമയിൽ അതേപടി പുനർജനിക്കുന്നില്ലെങ്കിലും അതിന് കാര്യമായ മങ്ങലേറ്റിട്ടുമില്ല.സി.സി.കുഞ്ഞിക്കണ്ണൻ മാഷ്,കുമാരൻ മാഷ് ,കാർത്ത്യായനി ടീച്ചർ,കേളുമാഷ്,കോട്ടോളി കണ്ണൻ മാഷ് തുടങ്ങിയവരാണ് ഒന്നുമുതൽ നാല് വരെയുള്ള ക്ലാസുകളിൽ എന്നെ പഠിപ്പിച്ചത്.അധ്യാപകരോട് അന്നത്തെ എൽ.പി.സ്‌കൂൾ വിദ്യാർത്ഥികൾക്കുണ്ടായിരുന്ന സ്‌നേഹവും ബഹുമാനവും വളരെ വലുതായിരുന്നു.മുതിർന്ന ക്ലാസ്സുകളിൽ എത്തുമ്പോൾ മാത്രമേ അധ്യാപകരെ മാറിനിന്ന് നിരീക്ഷിച്ച് വിലയിരുത്തുന്നതിലേക്ക് വിദ്യാർത്ഥികൾ ചുവട് മാറുകയുള്ളൂ.
സ്‌കൂൾ അധ്യാപകർക്ക് സമൂഹനിർമിതിയിൽ വലിയ പങ്ക് വഹിക്കാനുണ്ടെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്.സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യതലമുറ രൂപപ്പെട്ടു വരുന്ന ഘട്ടത്തിൽ തങ്ങൾ തികഞ്ഞ ഉത്തരവാദിത്വത്തോടെ ജോലി ചെയ്യേണ്ടതുണ്ട് എന്ന ബോധം അധ്യാപകസമൂഹം പൊതുവിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.ശരീരശുചിത്വം എങ്ങനെ പാലിക്കണം എന്നു തുടങ്ങി വീട്ടിനകത്തും പുറത്തും എങ്ങനെ പെരുമാറണമെന്നതു വരെയുള്ള കാര്യങ്ങൾ ക്ലാസ്മുറിയിൽ വെച്ചുതന്നെയാണ് വിദ്യാർത്ഥികൾ പഠിച്ചത്.
എന്നെ പഠിപ്പിച്ച ഓരോരുത്തരും അധ്യാപനത്തിൽ തികഞ്ഞ ആത്മാര്ത്ഥത കാണിച്ചിരുന്നെങ്കിലും നാലാം ക്ലാസ്സിൽ മലയാളം പഠിപ്പിച്ച അധ്യാപകനെന്ന നിലയിൽ സി.സി.കുഞ്ഞിക്കണ്ണൻ മാഷെ പ്രത്യേകം ഓർമിക്കുന്നു.പാഠപുസ്തകത്തിലെ കവിതാഭാഗങ്ങൾ സ്വയം ലയിച്ച് വളരെ വിശദമായാണ് അദ്ദേഹം പഠിപ്പിച്ചിരുന്നത്.കവിതയിലെ ഓരോ വാക്കിൽ നിന്നും എങ്ങനെ അനേകം അർത്ഥങ്ങളും ചുറ്റുപാടുമുള്ള ലോകത്തെ കുറിച്ചുള്ള അനേകം പുതിയ അറിവുകളും ഉല്പാദിപ്പിക്കാമെന്ന് ചെറിയ ക്ലാസ്സിൽ വെച്ചു തന്നെ അദ്ദേഹം ബോധ്യപ്പെടുത്തി തന്നു.വിദ്യാർത്ഥികളിൽ വായനാശീലവും ആസ്വാദനശേഷിയും വളർത്തുന്നതിന് അത്തരത്തിലുള്ള അധ്യാപനം ഏറെ സഹായകമാകും.
സ്‌കൂളുമായി ബന്ധപ്പെട്ട ഓർമകളിൽ അതിന്റെ പരിസരത്തെ കുറിച്ചുള്ളവയ്ക്കാണ് കൂടുതൽ മിഴിവുള്ളത്.മഴക്കാലം കഴിഞ്ഞും സ്‌കൂൾ മുറ്റത്ത് ഒഴുക്ക് തുടർന്നിരുന്ന ചെറിയ നീർച്ചാലിലെ കണ്ണിമീനുകളും നൊയ്ച്ചിങ്ങയുമെല്ലാം എന്റെ ഓർമയിൽ ഇപ്പോഴും ജീവിതം തുടരുന്നു.സ്‌കൂളിന്റെ പിന്നിലെ കുറ്റിക്കാട്ടിൽ വല്ലപ്പോഴുമൊക്കെ മുയലുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.ഉച്ചഭക്ഷണം കഴിഞ്ഞ് ക്ലാസ് തുടങ്ങുന്നതിനു മുമ്പുള്ള നേരത്താണ് അവ കണ്ണിൽ പെടുന്നതെങ്കിൽ വലിയ ആർപ്പുവിളിയും തുള്ളലും ചാടലുമൊക്കെയായിരിക്കും. ഇന്ന് കേരളം മുഴുക്കെയുള്ള പരിസ്ഥിതിവാദികൾ ആവേശപൂർവം ഉച്ചരിക്കുന്ന പേരാണ് 'മാടായിപ്പാറ' എന്നത്.ഈ പാറ ജീവിതത്തിന്റെ ഒരു ഭാഗമായിത്തുടങ്ങുന്നത് എൽ.പി.സ്‌കൂൾ കാലം മുതൽക്കാണ്.പാറപ്പുറത്ത് 'ഇറ്റിറ്റീ,ഇറ്റിറ്റീ' എന്ന് ഒച്ചവെച്ചു പായുന്ന 'ഇറ്റിറ്റിപ്പുള്ള് 'എന്ന് പ്രാദേശികമായി അറിയപ്പെടുന്ന തിത്തിരിപ്പക്ഷി (ചെങ്കണ്ണി ,മഞ്ഞക്കണ്ണി എന്ന് രണ്ടുതരം) അന്നു മുതൽക്കേ മനസ്സിൽ പാഞ്ഞും പറന്നും നടക്കുന്നുണ്ട്.പത്തമ്പതു വർഷത്തിനു ശേഷം ഒരു ബ്ലോഗ് തുടങ്ങിയപ്പോൾ അതിന് ഇറ്റിറ്റിപ്പുള്ള് (ittittippullu.blogspot.com) എന്നു പേരിടാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
മാടായിസ്‌കൂളിലെ ബെഞ്ചിലിരുന്ന് പാഠപുസ്തകങ്ങളിലൂടെയും അധ്യാപകരുടെ വാക്കുകളിലൂടെയും മാടായിപ്പാറയിലെ പാറപ്പൂക്കളുടെയും പാറമുള്ളുകളുടെയും നാനാതരം പക്ഷികളുടെയും ശലഭങ്ങളുടെയും കാഴ്ചകളിലൂടെയും ക്ലാസ്മുറികൾക്കകത്തും പുറത്തും കൂട്ടുകാരുമൊത്ത് അനുഭവിച്ച കളിതമാശകളിലൂടെയും ലോകത്തെ അറിഞ്ഞ കുട്ടി കടന്നുപോയ അഞ്ചരദശകക്കാലം കൊണ്ട് ഒരുപാട് മാറി.വാർധക്യത്തെ അംഗീകരിക്കാൻ മനസ്സ് മടിക്കുമ്പോഴും ശരീരം അതിന്റെ സൃഷ്ടിയായ അവശതകൾക്ക് കീഴടങ്ങിത്തുടങ്ങി.ഈ പ്രായത്തിലെ തിരിഞ്ഞു നോട്ടത്തിൽ മാടായി എൽ.പി.സ്‌കൂളും പരിസരവും പ്രഭാതത്തിലെ ഇളവെയിലിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന വിശുദ്ധവും മനോഹരവുമായ ഒരു കാഴ്ചയായി മാറുന്നു.
(കാക്കപ്പൂ -മാടായി എൽ.പി.സ്‌കൂൾ 65ാം വാർഷികാഘോഷ സപ്ലിമെന്റ്
,മാർച്ച് 2015)

അകക്കണ്ണ് തുറപ്പിക്കാന്‍
ReplyDeleteആശാന്‍ ബാല്യത്തിലെത്തണം!