കൊച്ചി-മുസിരിസ് ബിനാലെ സെക്കന്റ് എഡിഷനിൽ പങ്കെടുത്ത കലാകാരന്മാർക്ക് എത്ര പണം കിട്ടി എന്നത് ഗൗരവമർഹിക്കുന്ന ആലോചനാവിഷയമല്ല എന്ന് ഒരാൾ കരുതുന്നതിനോട് കലഹിക്കാൻ ഞാൻ മുതിരുകയില്ല.ബിനാലെ ഉത്തരം പറയുന്നതും ഉയർത്തുന്നതുമായ ചോദ്യങ്ങൾ വേറെ ചിലതാണ്.. നമ്മുടെ നാട്ടുനടപ്പനുസരിച്ച് ചിത്രവും അതിനോട് രക്തബന്ധമുള്ള സംഗതികളും ഉള്ളടക്കത്തെ കുറിച്ച്,അതിന്റെ രാഷ്ട്രീയ സാമൂഹ്യമാനങ്ങളെ കുറിച്ച് സംസാരിക്കുന്നതിനെ പാടെ അനാവശ്യമാക്കിത്തീർക്കുന്ന കലകളാണ്. ഈ പ്രദർശനം പക്ഷേ ആ ധാരണ തിരുത്തിക്കുറിക്കുന്നു.ക്യൂറേറ്റർ തയ്യാറാക്കിയിരിക്കുന്ന ലഘുവിവരണങ്ങളിൽ നിന്നു തന്നെ അത് വ്യക്തമാകും.പുതിയ ലോകാവസ്ഥ സൃഷ്ടിച്ചിരിക്കുന്ന രാഷ്ട്രീയവും ബൗദ്ധികവും വൈകാരികവുമായ പ്രശ്‌നങ്ങളാണ് വലിയൊരു ശതമാനം കലാസൃഷ്ടികളുടെയും വിഷയം.അത് കലാസൗന്ദര്യനിർമാണത്തിന്റെ ബഹുവിധ സാധ്യതകൾ പ്രയോഗിച്ച് മറ്റെന്തെങ്കിലുമൊക്കെ ആക്കിത്തീർക്കാനുള്ള ശ്രമങ്ങളുടെ അടയാളങ്ങൾ തീരെ കാണാനില്ലാത്തവയാണ് ഈ ബിനാലെയിലെ ഏറ്റവും മികച്ച രചനകൾ.അങ്ങനെയല്ലാതുള്ളവ തന്നെയും നമ്മുടെ ചിത്രകാരന്മാർക്കും ശില്പികൾക്കും ആസ്വാദകർക്കുമൊക്കെ പുതിയ ഉണർവുകൾ നൽകുമെന്ന കാര്യത്തിൽ സംശയമില്ല.പക്ഷേ,ഈ അനുകൂല ഫലങ്ങളെ കവിഞ്ഞു നിൽക്കുന്ന ചിലത് ബിനാലെയുടെ ബാക്കി പത്രമായി ഉണ്ടാവും എന്നാണ് ഞാൻ കരുതുന്നത്.
നൈമിഷികമാണ് അല്ലെങ്കിൽ ആയിരിക്കണം എന്ന ബോധ്യം വളർത്തുന്ന വിധത്തിൽ രചനാതന്ത്രങ്ങൾ പ്രയോഗിക്കുമ്പോഴാണ് കലാസൃഷ്ടികൾ ഏറ്റവും നൂതനവും മൂല്യവത്തും ആവുക എന്ന പ്രതീതി സൃഷ്ടിക്കാൻ പാകത്തിലുള്ളവയാണ് ബിനാലെയിൽ ഇടം നേടിയ കലാരചനകളിൽ ഏറെയും.ഉള്ളടക്കത്തിലെ രാഷ്ട്രീയവും സാമൂഹികതയുമെല്ലാം അങ്ങനെ അപ്രസക്തമായി തീരുന്നു.സാങ്കേതിക വിദ്യയുടെ ഏറ്റവും നൂതനമായ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി മുന്നേറുന്ന പുത്തൻ സാമ്പത്തിക ക്രമത്തിന് അനുകൂലമായ മനോഭാവം സൃഷ്ടിക്കുന്ന ഒരു രാഷ്ട്രീയം ബിനാലെയുടെ മൊത്തം സംവിധാനത്തിലുണ്ട്.ബിനാലെയെ ആത്മാവിൽ ഉൾക്കൊള്ളുന്നവർക്ക് വലിയ ഷോപ്പിംഗ് മാളുകൾ,സപ്തനക്ഷത്ര ഹോട്ടലുകൾ,ആഡംബരക്കപ്പലുകൾ,പണം വാരിയെറിയുന്ന ഉല്ലാസ യാത്രകൾ ഇവയൊക്കെ ഉല്പാദിപ്പിക്കുന്ന സാംസ്‌കാരിക പരിസരത്തോട് തെല്ലും അപ്രീതി തോന്നേണ്ട കാര്യമില്ല.ഇപ്പോൾ ലോകത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന വൻകിടസാമ്പത്തിക അധികാരകേന്ദ്രങ്ങളുടെ നാനാവിധ വ്യവഹാരങ്ങൾ തികച്ചും ന്യായയുക്തമായി അത്തരക്കാർക്ക് അനുഭവപ്പെടുകയും ചെയ്യും.നമ്മുടെ നാട്ടിൽ ഇപ്പോൾ തന്നെ കുറേ പേർ ആ മനോഭാവത്തിൽ എത്തിച്ചേർന്നവരാണ്.മറിച്ചൊന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വിശ്വാസജനകമായ മുന്നേറ്റങ്ങൾ എങ്ങും കാണാനില്ലെന്ന പ്രശ്‌നവും ഉണ്ട്.
.ബിനാലെ നമ്മുടെ കലാകാരന്മാരെ പുതിയ ആലോചനകൾക്കും അന്വേഷണങ്ങൾക്കും പ്രേരിപ്പിക്കുമെന്ന വാസ്തവത്തോടൊപ്പം തന്നെ കലാവിരുദ്ധവും വിപണിസംസ്‌കാരത്തിന് നൂറ് ശതമാനവും അനുകൂലവുമായ ഒരന്തർധാര ഈ ബ്രഹത്തായ കലാപ്രദർശത്തിന് ഉണ്ട് എന്ന വസ്തുതയും നിലനിൽക്കുന്നു.ഗുലാം മുഹമ്മദ് ഷെയ്ഖ്,ഡാനിയൽ ബോയ്ഡ്,മുഹന്നദ് കാദർ,സുധീർ പട്‌വർധൻ തുടങ്ങി പലരുടെയും ചിത്രങ്ങൾ തന്ന വ്യത്യസ്തമായ അനുഭവങ്ങൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ടാണ് ഇത്രയും കുറിച്ചത്.അവയെല്ലാം കണ്ടു കഴിഞ്ഞപ്പോഴും യാങ്‌ഷെങ്‌ഷോങിന്റെ '922 റൈസ്‌കോൺസി' ലെ കോഴികൾ മനസ്സിൽ കൊത്തിക്കൊണ്ടിരുന്നു.ക്യൂറേറ്റർ വ്യക്തമാക്കിയതു പോലെ കളിയായും കളിയുടെ നിയമങ്ങളായും ഉപഭോഗം മാറുന്ന ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയായ മരവിപ്പാണ് ആ വീഡിയോ നൽകുന്ന അനുഭവം.ബിനാലെയുടെ പിന്നിൽ പ്രവർത്തിച്ചവർ ഉദ്ദേശിച്ചില്ലെങ്കിൽ തന്നെ അത്തരമൊരുപഭോഗം മാത്രമായി കലാസ്വാദനത്തെ മാറ്റുന്ന എന്തോ ഒന്ന് ബിനാലെയിൽ പ്രവർത്തിച്ചതായി തോന്നുന്നു. 
21/3/2015