Pages

Monday, March 23, 2015

പ്രാർത്ഥനകൾ തന്ന രക്ഷ

2014 ഒക്‌ടോബർ 20ന് രാത്രി 71/2 മണിയോടെ ഞാൻ ഒരു റോഡപകടത്തിൽ പെട്ടു.റോഡരികിലൂടെ നടന്നുപോവുകയായിരുന്ന എന്നെ അതിവേഗത്തിൽ വന്ന ഒരു കാറ് ഇടിച്ച് താഴെയിട്ടു.തലക്കേറ്റ പരിക്ക് ഗുരുതരമായിരുന്നു.രാത്രി തന്നെ എന്നെ കോഴിക്കോട് 'മിംസ്' ഹോസ്പിറ്റലിൽ എത്തിച്ചു.അവിടത്തെ വിദഗ്ധരായ ഡോക്ടർമാരുടെ ,വിശേഷിച്ചും ഡോക്ടർ നൗഫൽ ബഷീറിന്റെ ചികിത്സയിൽ ഞാൻ സുഖം പ്രാപിച്ചു.ഡിസ്ചാർജ് ചെയ്യപ്പെട്ടതിനു ശേഷവും മരുന്നുകൾ കഴിക്കേണ്ടി വന്നെങ്കിലും ക്ഷീണവും തനിച്ച് പുറത്തിറങ്ങി സഞ്ചരിക്കാനുള്ള അധൈര്യവും ഒഴിച്ചുള്ള മറ്റ് പ്രശ്‌നങ്ങളിൽ നിന്നൊക്കെ ഞാൻ ഒരു വിധം കര കയറി.ഉറക്കമെളിച്ചുള്ള വായന,വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിച്ചുള്ള എഴുത്ത് അവയൊക്കെ പതുക്കെ സാധ്യമായി വരുന്നേ ഉള്ളൂ.
അപകടം നടന്ന് രണ്ടുമൂന്നു ദിവസത്തിനുള്ളിൽ എന്നെ കണ്ടവരാരും തന്നെ എനിക്ക് ഇങ്ങനെയൊരു തിരിച്ചുവരവ് സാധ്യമാവുമെന്ന് കരുതിയിരുന്നില്ല.എന്നെ ബാധിച്ചിരുന്ന ബോധക്കേടും മറവിയും പൂർണമായും വിട്ടകലുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നതേ ഇല്ല.
ഞാൻ അപകടത്തിൽ പെട്ട വിവരം അറിഞ്ഞ നിമിഷം മുതൽ എനിക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്ന ധാരാളം മുസ്ലീം സുഹൃത്തുക്കളും ഉമ്മമാരുണ്ട്.ഒരു മുസ്ലീം സഹോദരൻ ഗൾഫിൽ നിന്ന് എന്നെ കാണാനായി നാട്ടിലേക്ക് വരികയും ചെയ്തു.ഹിന്ദുക്കളായ സുഹൃത്തുക്കളിൽ എത്ര പേർ പ്രാർത്ഥിച്ചു എന്നറിയില്ല.എന്തായാലും രണ്ടുമൂന്നു പേർ മാത്രമേ പ്രാർത്ഥനയുടെ കാര്യം എന്നോട് പറഞ്ഞുള്ളൂ.ധർമടത്തെ സതീശൻ എന്ന  സുഹൃത്താണ് അവരിലൊരാൾ.സതീശൻ പറഞ്ഞു: "ഞാൻ തുടർച്ചയായി ഒമ്പത് ദിവസം ഗുളികൻ തറയിൽ വിളക്ക് വെച്ചിരുന്നു.അതു കൊണ്ടൊന്നും ഒരു കാര്യവും ഉണ്ടാവാൻ പോവുന്നില്ല എന്ന് പറഞ്ഞവരുണ്ട്.പക്ഷേ,നിങ്ങളെ രക്ഷിച്ചത് എന്റെ പ്രാർത്ഥന തന്നെയാണ്."
ദൈവത്തെ കുറിച്ച് സ്വയം ബോധ്യപ്പെടുത്താനാവുന്ന ഒരു സങ്കല്പത്തിൽ ഇതേ വരെ ഞാൻ എത്തിച്ചേർന്നിട്ടില്ല.എങ്കിലും മറ്റാരുടെയും വിശ്വാസത്തെ ഞാൻ നിന്ദിക്കുകയില്ല.ഒരു നല്ല വിശ്വാസിക്ക് മതാതീതമായ സ്‌നേഹം പൂർണാർത്ഥത്തിൽ സാധ്യമാവുമെന്ന് മുസ്ലീം സുഹൃത്തുക്കളാണ് എന്നെ ബോധ്യപ്പെടുത്തിയത്.ഞാൻ ആശുപത്രിക്കിടക്കിയിൽ ആയിരുന്ന നാളുകളിലും പിന്നീടും എന്റെ ആരോഗ്യനിലയിൽ അവർ കാണിച്ച ഉത്കണ്ഠ അങ്ങേയറ്റം സത്യസന്ധമായിരുന്നു.എന്റെ ജീവൻ രക്ഷിക്കുന്നതിൽ ഡോക്ടർമാരുടെ ജാഗ്രതക്കു പുറമെ ആ സുഹൃത്തുക്കളുുടെയും ഗുളികൻ തറയിൽ വിളക്ക് വെച്ച സതീശനെ പോലുള്ളവരുടെയും പ്രർത്ഥനകൾക്കും പങ്കുണ്ടെന്ന് വിശ്വസിക്കാൻ എനിക്ക് പ്രയാസമില്ല.
                                                                                                            23/3/2015

3 comments:

  1. അസുഖം ഭേദമായി പൂർണ്ണാരോഗ്യവാനയി നെടുനാൾ ജീവിക്കാൻ താങ്കൾക്ക്‌ കഴിയട്ടെ.

    ഒരു വർഷം മുൻപ്‌ എന്റെ അച്ഛനു ഒരു സർജ്ജറി വേണ്ടി വന്നു.ഹോസ്പിറ്റലിൽ എത്തി ഒരു മണിക്കൂറിനകം സർജ്ജറി കഴിഞ്ഞു.അത്‌ പരാജയപ്പെട്ടു.രണ്ട്‌ കിഡ്നിയും ഫയ്‌ലിയർ ആയി.മരിച്ചു പോകുമെന്ന് ഉറപ്പിച്ചു.
    ഒരു കൂട്ടുകാരന്റെ ഉപദേശത്താൽ എറണാകുളം ലൂർദ്ദിലേക്ക്‌ മാറ്റി.
    അന്നു വൈകിട്ട്‌ വെന്റിലേറ്ററിലെക്ക്‌ മാറ്റി.പിന്നെ തുടർച്ചയായ ഡയാലിസിസ്‌ .
    വെന്റിലേറ്ററിൽ നിന്നും മാറ്റാൻ പോകുമെന്ന് മെഡിക്കൽ സൂപ്രണ്ട്‌ അറിയിച്ചു.ഒരു ദിവസം കൂടി നോക്കാൻ ആവശ്യപ്പെട്ടതനുസരിച്ചു ഡോക്ടർ സമ്മതിച്ചു.അന്നു വൈകിട്ട്‌ മുതൽ മൂത്രം പോകാൻ തുടങ്ങി.
    പതിനാറാം ദിവസം വീട്ടിൽ വന്നു.ഇപ്പോൾ ആരോഗ്യവാനായി ഇരിക്കുന്നു.
    അന്ന് പ്രാർത്ഥിച്ചവർ എല്ലാവരും തന്നെ അന്യമതസ്ഥർ ആയിരുന്നു.

    ReplyDelete
  2. നോ കമന്റ്സ്

    ReplyDelete
  3. സതീശന്റെയും ഉമ്മമാരുടെയും വീടുവിട്ട് മരുഭൂമികളില്‍
     രാപ്പാര്‍ക്കുന്നവരുടെയും മനംനൊന്ത (പാര്‍ത്ഥനയുടെ 
    പിടച്ചിലുകളെ നിരസിക്കാന്‍ ദൈവത്തിന്റെ മഹാകാരുണ്യങ്ങള്‍ക്ക് 
    എങ്ങനെ സാധിക്കാനാണ്? വഴിവെളിച്ചവും പ്രത്യാശയുമായി 
    അനേകം പേര്‍ കരുതുന്ന ചിലരെങ്കിലും ഭൂമിയില്‍ ഇല്ലാതെ 
    പോകുന്നതിനെ ദൈവമെങ്ങനെ സമ്മതിച്ചു കൊടുക്കാനാണ്? 
    കണ്ണീര്‍ പുരണ്ട ഹൃദയത്തെ ഉള്ളംകൈയ്യില്‍പിടിച്ച് ദൈവത്തെ 
    പുണരുന്ന നിമിഷത്തിന് പറയുന്ന പേരാണ് പ്രാര്‍ത്ഥന.
    Mohd.KN,Dubai

    ReplyDelete