Pages

Thursday, March 5, 2015

ചില കഥകൾ ഇങ്ങനെയും

കഥയും കവിതയുമൊക്കെ എപ്പോൾ ഏത് വഴിക്ക് വരും എന്ന് പറയാനാ വില്ല.എത്ര കരുതലോടെ കാത്തിരുന്നാലും ഒരു വരിപോലും ഉള്ളിലേക്ക് വരാത്ത, ഒരു കഥാപാത്രം പോലും കൺവെട്ടത്തു പോയിട്ട് വിദൂരതയിൽ പോലും ദൃശ്യമാകാത്ത എത്രയോ മാസങ്ങളുണ്ടാവും.അങ്ങനെയിരിക്കെ അവിചാരിതമായി മനസ്സ് ഒരു പുതിയ ഉണർവിന്റെ തീരത്ത് ചെന്നു ചേരും.വാക്കുകൾ പൂക്കുന്ന തീരം.കഥ ,ചിലപ്പോൾ ഒരു കൂട്ടം കഥകൾ തന്നെ ഏതോ അജ്ഞാത ദ്വീപുകളിൽ നിന്നെന്ന പോലെ പറന്നിറങ്ങുന്ന തീരം.
പക്ഷേ,പറന്നിറങ്ങുന്നവ മുഴുവൻ അവിടെ തന്നെ തങ്ങിനിൽക്കില്ല.പലതും കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് അപ്രത്യക്ഷമാവും.ചിലത് മാത്രം ചുറ്റിച്ചുറ്റി നിൽക്കും.ഒടുവിൽ അവയിൽ ഒന്നു മാത്രം ബാക്കിയാവും.അതിനെ ഞാൻ ആവും വിധം പരിചരിച്ച് കാലുകൾക്കും ഇരുചിറകുകൾക്കും ബലം നൽകി കണ്ണുകൾക്ക് വിദൂരതകളെ കാണാനുള്ള കാഴ്ച നൽകി പറത്തിവിടും.പിന്നെ അതിന്റെ വാസം ഓരോരോ വായനക്കാരുടെ ഉള്ളിലാണ്.ഒരേ സമയം പല മനസ്സുകളിൽ അത് കൂട് വെക്കും.ചിലപ്പോൾ അതിനെ പറ്റി കുറേ നാളത്തേക്ക് ഒന്നും കേട്ടില്ലെ ന്നു വരും.പിന്നെ പെട്ടെന്നൊരു ദിവസം ആരെങ്കിലും വിളിച്ചു പറയും : ' ഇതാ,ഇവിടെയുണ്ട് നിങ്ങൾ വളർത്തി വിട്ട പക്ഷി.മറ്റുള്ളവർ ഇതിന്റെ രൂപഭാവങ്ങളെ പറ്റി എന്തു പറയും എന്നറിയില്ല.എന്തായാലും എനിക്കീ ചങ്ങാതിയെ  വല്ലാതെ ഇഷ്ടപ്പെട്ടു.'
                                                                                                   5/3/2015

1 comment: