Pages

Thursday, March 5, 2015

പ്രായോഗിക ബുദ്ധി

ലാഭകരവും അതുവഴി ഗുണകരവും ആവും എന്ന് ഉറപ്പുള്ള കാര്യങ്ങളിൽ മാത്രം ഇടപെടുന്നതിനെയാണ് ആളുകൾ സാധാരണയായി പ്രായോഗിക ബുദ്ധി എന്നു പറഞ്ഞു വരുന്നത്.ഈ ബുദ്ധി നിന്ദ്യമായ ബുദ്ധിയാണ് എന്ന അഭിപ്രായം എനിക്കില്ല.പക്ഷേ,യാതൊരു പ്രായോജനവും(ലാഭവും) ഇല്ല എന്നറിഞ്ഞുകൊണ്ടു തന്നെ ഒരുപാട് കാര്യങ്ങളിൽ മനുഷ്യർ ഏർപ്പെടുന്നുണ്ടെന്നതും ജീവിതം ഇത്രയേറെ വൈവിദ്ധ്യപൂർണമാവുന്നതിനു പിന്നിൽ അത്തരം 'ബുദ്ധിശൂന്യമായ' നടപടികൾ കൂടി ഉണ്ട് എന്നതും വസ്തുതയാണ്‌.ഓരോരുത്തരും പ്രയോജനകരമായി കാണുന്നത് ഓരോന്നിനെയാണ് എന്ന സംഗതിയും നമ്മുടെ അറിവിൽ വരേണ്ടതാണ്.ഒരാൾക്ക് വളരെ പ്രയോജനകരമായി അനുഭവപ്പെടുന്ന കാര്യം മറ്റൊരാൾക്ക് തികച്ചും നിഷ്പ്രയോജകമായി തോന്നാം.ആളുകൾ പാട്ട് കേൾക്കുന്നതും ചിത്രങ്ങൾ കണ്ട് ആസ്വദിക്കുന്നതും അതിലൂടെ മാത്രം ലഭ്യമാവുന്ന സവിശേഷമായ ആനന്ദം ലക്ഷ്യമാക്കിയാണ്.ലക്ഷ്യമാക്കി എന്നു പറയുന്നതുപോലും ശരിയല്ല.അവരുടെ ജന്മവാസനയും ശീലവും സംഗീതത്തിലേക്കും ചിത്രത്തിലേക്കും അവരെ കൊണ്ടുപോവുകയാണ്.പാട്ട് പാടുന്ന ആൾക്കും ചിത്രം വരക്കുന്ന ആൾക്കും സാഹിത്യരചന നിർവിക്കുന്ന ആൾക്കും പണം ലഭിക്കാം.മഹാഭൂരിപക്ഷത്തിനും നിസ്സാരമായ തുക.പ്രതിഫലം മാത്രം നോക്കിയാണെങ്കിൽ കേരളത്തിലെ ആരും തന്നെ സാഹിത്യപ്രവർത്തനത്തിന് തുനിഞ്ഞിറങ്ങുകയില്ല.ഒരു കഥ എഴുതാൻ ഒരാൾ എത്ര നാൾ മാനസികമായി തയ്യാറെടുക്കുന്നു എന്നു പറയാനാവില്ല.അതിന് അയാൾക്ക് ലഭിക്കുന്ന പരമാവധി പ്രതിഫലം ഒരു അവിദഗ്ധതൊഴിലാളി യുടെ മൂന്ന് ദിവസത്തെ കൂലിക്ക് തുല്യമായിരിക്കും.കഥകളും നോവലുകളും പുസ്തകരൂപത്തിൽ അച്ചടിച്ചു വന്നാലും അതിൽ നിന്ന് കാര്യമായി ഒന്നും കിട്ടില്ല.ഇതൊക്കെ അറിഞ്ഞു കൊണ്ടു തന്നെയാണ്  ഒരുപാട് പേർ ഒരു പാട് സമയം മിനക്കെട്ടിരുന്ന് പണിയെടുത്ത് കഥയും നോവലുമൊക്കെ ഉണ്ടാക്കുന്നത്.ആ പ്രവൃത്തിയിൽ നിന്നു കിട്ടുന്ന ആനന്ദമാണ് അവരെ അതിലേക്ക് പ്രലോഭിപ്പിച്ച് എത്തിക്കുന്നത്.അത് പ്രായോഗിക ബുദ്ധി ആണോ എന്ന് ചോദിച്ചാൽ ആണ് എന്നായിരിക്കും എന്റെ ഉത്തരം.
വരണ്ട പ്രായോഗിക ബുദ്ധികൊണ്ടു മാത്രം ഒരു പാട് പേർ വ്യാപരിക്കുന്ന മണ്ഡലമാണ് രാഷ്ട്രീയം.ഒരു പ്രത്യേക പാർട്ടിയോട് ചേർന്നു നിന്നാൽ ഇന്ന് അല്ലെങ്കിൽ നാളെ എന്തുകിട്ടും? എന്ന് ആലോചിച്ചു തന്നെയാണ് വളരെയേറെ പേർ രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങുന്നത്.അതുകൊണ്ടാണ് നമ്മുടെ രാഷ്ട്രീയരംഗം അഴിമതിക്കും സംഘർഷങ്ങൾക്കും അപ്പുറം പോവാതെ ആവർത്തന സ്വഭാവമുള്ള പ്രസംഗങ്ങളിലും പ്രസ്താവനകളിലും മിക്കവാറും ഒതുങ്ങിപ്പോവുന്നത്.സംഘർഷങ്ങളിൽ ബലിയാടായിത്തീരുന്നത് താരതമ്യേനപ്രായോഗിക ബുദ്ധി നന്നേകുറഞ്ഞ വരായിരി ക്കും.കേവലാവേശവും സംഘംചേരുന്നതിലെ സന്തോഷവും മാത്രം ലക്ഷ്യമാക്കി രാഷ്ട്രീയത്തിലെത്തുന്ന കുറച്ചു പേർ എല്ലാ കാലത്തും ഉണ്ടാവും.അവരാണ് രാഷ്ട്രീയ പാർട്ടികൾക്ക് നിലനിന്നുപോവാനുള്ള ധാർമികോർജ്ജം നൽകുന്നത്.പ്രായോഗിക ബുദ്ധിക്കാർ താൻ കൂറ് പ്രഖ്യാപിച്ചിട്ടുള്ള പാർട്ടിയെ കാണുന്നത് സ്വന്തം താല്പര്യങ്ങളുമായി കയറിക്കയറിപ്പോവാൻ സൗകര്യം തരുന്ന കോണിപ്പടിയായി മാത്രമാണ്.
5/3/2015

1 comment:

  1. എന്തുകിട്ടുമെന്നാണ് ചോദ്യം, ലക്ഷ്യം

    ReplyDelete