Pages

Friday, May 25, 2012

വേണം പുതിയൊരു രാഷ്ട്രീയ സംസ്കാരം

സഖാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം സൃഷ്ടിച്ച ആഘാത്തില്‍ നിന്ന് കേരളം അത്ര വേഗത്തിലൊന്നും കര കയറുകയില്ല. സ്വന്തം പ്രദേശത്തെ ജനങ്ങള്‍ക്ക് അങ്ങേയറ്റം പ്രിയംകരനായ ഒരു നേതാവിനെ അദ്ദേഹം ഏറ്റവും ജനാധിപത്യപരമായ രീതിയില്‍ തന്റെ രാഷ്ട്രീയാഭിപ്രായം പ്രകടിപ്പിക്കുകയും എല്ലാ ജനാധിപത്യമര്യാദകളും പാലിച്ച് ജനങ്ങള്‍ക്കിടയില്‍ നിര്‍ഭയനായി,നിരായുധനായി ജീവിച്ചു വരികയും ചെയ്യുന്നതിനിടയില്‍ ഒരു പ്രകോപനവുമില്ലാതെ ക്വട്ടേഷന്‍ സംഘത്തെ അയച്ച് കൊല ചെയ്തതിന്റെ യുക്തി ആര്‍ക്കും ഉള്‍ക്കൊള്ളാനാവാത്തതാണ്.കണ്ണൂര്‍ ജില്ലയില്‍ രണ്ടുമൂന്ന് ദശകങ്ങളായി മാര്‍ക്സിസ്റ് പാര്‍ട്ടിയും എതിരാളികളും തമ്മില്‍ നടന്നുവരുന്ന സംഘട്ടനങ്ങളുടെയും കൊലപാതകങ്ങളുടെയും ഗണത്തില്‍ പെടുന്ന സംഭവമല്ല ഇത്.അത്തരം സംഭവങ്ങളില്‍ തികച്ചും നിരപരാധികളായ ആളുകള്‍ കൊല്ലപ്പെട്ട സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അവയില്‍ പൊതുവേ പങ്കെടുത്തുപോന്നത് ഇരുവിഭാഗവും ആക്രമണത്തിന്നായി പ്രത്യേകം നിയോഗിച്ച ആളുകളായിരുന്നു.ആസൂത്രിതമായ ആ രാഷ്ട്രീയ പകരം വീട്ടലുകളില്‍ ഓരോന്നിനും മുന്നിലും പിന്നിലും ചെറുതും വലുതുമായ മറ്റ് സംഘട്ടനങ്ങളുണ്ടായിരുന്നു.ഓരോ ഭീകരാക്രമണവും കൊലപാതകവും ജനങ്ങളെ ഞെട്ടിച്ചുകൊണ്ടിരുന്നുവെങ്കിലും തങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഇടപെടല്‍ സാധ്യമല്ലാത്ത ആക്രമണ പരമ്പരകളുടെ ഭാഗമാണ് അവയെന്നതുകൊണ്ട് കടുത്ത നിസ്സഹായതാബോധത്തിലേക്കും  നിര്‍വികാരതയിലേക്കുമാണ് സാമാന്യജനങ്ങളെ അവ നയിച്ചത്.ചന്ദ്രശേഖരന്റെ മരണം പക്ഷേ കക്ഷിരാഷ്ട്രീയഭേദമന്യേ മനുഷ്യത്വമുള്ള കേരളത്തിലെ മുഴുവനാളുകളെയും ആഴത്തില്‍ മുറിവേല്പിച്ചിരിക്കയാണ്.വേദന മാത്രമല്ല ഇത്തരമൊരു രാഷ്ട്രീയം ഇവിടെ നിലനിന്നുകൂടാ എന്ന അതിശക്തമായ വികാരവും അത് ജനങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ട്.
ചന്ദ്രശേഖരനു നേരെ മുമ്പ് പല വട്ടം ഉണ്ടായ ഭീഷണികള്‍,ഈ പ്രദേശത്തു തന്നെയുള്ള മറ്റ് നേതാക്കള്‍ക്കു നേരെ ഉണ്ടായ ആക്രമണങ്ങള്‍,ഇപ്പോള്‍ പോലീസിന് ലഭിച്ചതായി മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്ന തെളിവുകള്‍,ചന്ദ്രശേഖരന്റെ ഭാര്യയും മകനും പറഞ്ഞ കാര്യങ്ങള്‍ എല്ലാം മാര്‍ക്സിസ്റ് പാര്‍ട്ടിയെയാണ് പ്രതിസ്ഥാനത്തു നിര്‍ത്തുന്നത്.കൊല ചെയ്തത് തങ്ങളല്ല എന്ന് പാര്‍ട്ടി നേതൃത്വം ആണയിടുന്നുണ്ടെങ്കിലും ആ പറച്ചിലിനെ അന്ധമായ പാര്‍ട്ടിഭക്തി ഉള്ളവരൊഴിച്ച് മറ്റാര്‍ക്കും അപ്പാടെ വിഴുങ്ങാനാവുന്നില്ല എന്നതാണ് സത്യം.എന്തായാലും ഒഞ്ചിയത്ത് നടന്ന നരഹത്യയെ കുറിച്ച് വളരെ ഉത്തരവാദിത്വപൂര്‍ണമായ അന്വേഷണം നടത്തും എന്ന് ഗവണ്‍മെന്റ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ് പാലിക്കപ്പെടും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
                                    വീണ്ടുവിചാരങ്ങള്‍ ആവശ്യം
ചന്ദ്രശേഖരന്റെ കൊലപാതകം സൃഷ്ടിച്ചിരിക്കുന്ന പുതിയ രാഷ്ട്രീയസാഹചര്യത്തെ മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ പ്രസ്ഥാനത്തില്‍ പെട്ടവരും അതിനു പുറത്തു നില്‍ക്കുന്നവരുമായ എല്ലാ ഇടതുപക്ഷ രാഷ്ട്രീയക്കാരും ചില വീണ്ടുവിചാരങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും തയ്യാറാകണമെന്നാണ് ഞാന്‍ കരുതുന്നത്.
കേരളത്തിലെ കമ്യൂണിസ്റ് പ്രസ്ഥാനം ജന്മിത്വത്തിനും നാടുവാഴിത്തത്തിനും എതിരായ ത്യാഗനിര്‍ഭരമായ ഒരു പാട് സമരങ്ങളിലൂടെയാണ് വളര്‍ന്നു വന്നത്.ജന്മിമാര്‍ക്കും പ്രാദേശികനാടുവാഴികള്‍ക്കും വൈദേശികമേധാവികള്‍ക്കും തദ്ദേശീയരായ ഭരണാധികാരികള്‍ക്കുമെല്ലാമെതിരെ പാര്‍ട്ടി പോരാടിയിട്ടുണ്ട്.അവയില്‍ പലതും സായുധ പോരാട്ടങ്ങളായിരുന്നു.പാര്‍ട്ടിപ്രവര്‍ത്തകരുടെ ചങ്കുറപ്പും മെയ്ക്കരുത്തും പോരാട്ടവീര്യവുമെല്ലാം അത്തരം സമരങ്ങളില്‍ പ്രയോജനപ്പെടുത്തപ്പെട്ടിട്ടുണ്ട്.ജന്മിത്വ കാലഘട്ടത്തില്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളില്‍ നിന്ന് കര്‍ഷകത്തൊഴിലാളികളെയും മറ്റ് സാധാരണജനങ്ങളെയും മോചിപ്പിക്കുന്നതിലും മനുഷ്യരെന്ന നിലയിലുള്ള പരിഗണന കേരളത്തിലെ എല്ലാ വിഭാഗമാളുകള്‍ക്കും ലഭിക്കുന്നതിനുള്ള സാഹചര്യം രൂപപ്പെടുത്തുന്നതിലും  ആ സമരങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.ജാതിയുടെയും കടുത്ത സാമ്പത്തിക പിന്നോക്കാവസ്ഥയുടെയും പേരില്‍ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെ അധ:സ്ഥിതര്‍ക്ക് ഇന്നും അനുഭവിക്കേണ്ടി വരുന്ന കൊടിയ നീതികേടുകളില്‍ പലതും കേരളസമൂഹത്തില്‍ നിന്ന് വലിയൊരളവോളം ദശകങ്ങള്‍ക്കു മുമ്പേ അപ്രത്യക്ഷമായതും പ്രധാനമായും കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ അത്തരം ഇടപെടലുകള്‍ വഴിയാണ്.ജന്മിമാര്‍ക്കും അവരുടെ കാര്യസ്ഥ•ാര്‍ക്കും ഗൂണ്ടകള്‍ക്കുമെല്ലാമെതിരെ ഹിംസയുടെ മാര്‍ഗം സ്വീകരിക്കേണ്ടി വന്ന സന്ദര്‍ഭങ്ങളില്‍ പോലും നിന്ദിതരും പീഡിതരുമായ മഹാഭൂരിപക്ഷത്തിന്റെ മോചനം ലക്ഷ്യമാക്കിയാണ് തങ്ങള്‍ അത് ചെയ്യുന്നത് എന്ന ഉത്തമബോധ്യം കാരണം കമ്യൂണിസ്റുകാര്‍ക്ക് ഉന്നതവും വിശാലവുമായൊരു മാനവികതാബോധം മുറുകെ പിടിക്കാന്‍ കഴിഞ്ഞിരുന്നു.എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ തുടങ്ങിയ ഘട്ടം മുതല്‍ അത് അപ്രത്യക്ഷമായിത്തുടങ്ങുകയും പ്രാദേശിക കമ്യൂണിസ്റ് നേതാക്കളില്‍ ചുരുക്കം ചിലര്‍ മാത്രം കൊണ്ടു നടന്നിരുന്ന വികലമായ ഉല്‍ക്കര്‍ഷബോധവും ധിക്കാരപൂര്‍ണമായ പെരുമാറ്റവും പതുക്കെ പതുക്കെ പാര്‍ട്ടിയുടെ അടിതൊട്ട് മുടിവരെയുള്ള നേതാക്കളിലെല്ലാം വ്യാപിക്കുകയും ചെയ്യുന്നതിനാണ് നാം സാക്ഷ്യം വഹിച്ചത്.മര്‍ദ്ദകരും തികച്ചും ജനവിരുദ്ധരുമായ ഏത് അധികാരി വര്‍ഗത്തെയാണോ തങ്ങള്‍ നേരിട്ടത് അവരുടെ സ്വഭാവം പഴയ സമരനായകന്മാരുടെ പിന്‍നിരക്കാരിലേക്ക് പകരുന്ന വിചിത്രമായൊരനുഭവം. ജന്മി   മേധാവിത്വം,മേല്‍ജാതിക്കാരുടെ മേധാവിത്വം,കാര്യസ്ഥന്മാരുടെ മേധാവിത്വം ഇവയൊക്കെ നേരിയ വ്യത്യാസങ്ങളോടെ കാലത്തിന്റെ അരിപ്പയിലൂടെ പാര്‍ട്ടിയിലേക്ക് പകര്‍ന്നെത്തുക മാത്രമല്ലേ ഉണ്ടായത് എന്ന് ജനങ്ങള്‍ സംശയിച്ചു പോകുന്ന സ്ഥിതിവിശേഷം.ഏത് പ്രശ്നത്തിലും ഇടപെട്ട് അന്തിമതീരുമാനം കൈക്കൊള്ളാനുള്ള അധികാരം തങ്ങള്‍ക്കാണെന്ന ഭാവം,ആരും തങ്ങളുടെ ഏത് നിര്‍ദ്ദേശവും തീരുമാനവും സ്വീകരിച്ചുകൊള്ളണമെന്ന ഗര്‍വ്,തങ്ങളുടെ വിശകലന രീതികള്‍ക്കപ്പുറത്തുള്ള ഏത് അന്വേഷണത്തിനും നേരെയുള്ള കടുത്ത പുച്ഛം ഇങ്ങനെ ആരോഗ്യകരമായ രാഷ്ട്രീയസാംസ്കാരിക പ്രവര്‍ത്തനങ്ങളെ മാത്രമല്ല മനുഷ്യബന്ധങ്ങളുടെ സാധാരണമായ നിലനില്പിനെ തന്നെയും അസാധ്യമാക്കുന്ന പെരുമാറ്റരീതിയും പ്രവര്‍ത്തന ശൈലിയുമാണ് എല്ലാ തലത്തിലുമുള്ള പാര്‍ട്ടിക്കാരില്‍ മഹാഭൂരിപക്ഷവും സ്വീകരിച്ചുപോരുന്നത്.ഈ ഗര്‍വും അഹന്തയും പൊതുജനങ്ങള്‍ക്ക് മുഴുവന്‍ അസഹ്യമായിത്തുടങ്ങിയ ഘട്ടത്തിലാണ് അവ ഒഴിവാക്കണമെന്ന് സി.പി.ഐ(എം),സി.പി.ഐ എന്നീ പാര്‍ട്ടികളുടെ കേന്ദ്ര നേതൃത്വം തന്നെ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരസ്യമായി നിര്‍ദ്ദേശം നല്‍കിയത്.പക്ഷേ,അങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ കൊണ്ടോ തുറന്ന കുറ്റസമ്മതങ്ങള്‍ കൊണ്ടോ പരിഹരിക്കാനാവാത്ത വിധം പാര്‍ട്ടിയെ മൊത്തത്തില്‍ തന്നെ ഗ്രസിച്ചു കഴിഞ്ഞിരിക്കയാണ് ഈ സ്വഭാവവിശേഷങ്ങള്‍. അതുകൊണ്ടാണ് ടി.പി.ചന്ദ്രശേഖരനെ പോലുള്ള ഒരാളെ കൊല്ലാനുള്ള തീരുമാനം കൈക്കൊള്ളുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത്.
                                               മുന്നോട്ട് പോകുമ്പോള്‍
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഉള്ളടക്കത്തില്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചുള്ള കൊലപാതകം കടന്നു വരുന്നതിനു പിന്നില്‍ പാര്‍ട്ടി നേതാക്കളുടെ അധികാരഗര്‍വും മുഷ്ക്കും മാത്രമല്ല ഉള്ളത്.കാലം മാറുന്നു,ലോകം മാറുന്നു എന്നീ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത രാഷ്ട്രീയം അതിനെ പിന്‍പറ്റുന്നവരില്‍ സ്വയം കബളിപ്പിക്കുന്ന ഒരു രാഷ്ട്രീയ സംസ്കാരമാണ് ഉണ്ടാക്കുക.ലോകത്തെ വ്യാഖ്യാനിക്കാന്‍ മാത്രമല്ല മാറ്റിത്തീര്‍ക്കാന്‍ കൂടിയുള്ള ദാര്‍ശനികോര്‍ജം മാര്‍ക്സിസം മനുഷ്യവംശത്തിന് നല്‍കി എന്നത് എത്രത്തോളം നിസ്സംശയമാണോ അത്രത്തോളം തന്നെ നിസ്സംശയമാണ് ലോകത്തിന്റെ ഭാവിയുടെ മുഴുവന്‍ വിശദാംശങ്ങളും ദീര്‍ഘദര്‍ശനം ചെയ്യാന്‍ മാര്‍ക്സിസത്തിന് കഴിയില്ല എന്നതും.മറിച്ചുള്ള വിശ്വാസം മതവിശ്വാസത്തിന് തുല്യമാണ്.മനുഷ്യവംശത്തിന്റെ രാഷ്ട്രീയ സാംസ്കാരിക പുരോഗതിക്ക് ചരിത്ര നിര്‍മുക്തവും നിഗൂഢവുമായ ഒരു വഴിയുണ്ട് എന്ന വിശ്വാസത്തിന് മാര്‍ക്സിസത്തിന്റെ ലേബലൊട്ടിക്കലാണത്.നിരന്തരം നവീകരിക്കപ്പെടുകയും കാലത്തെ അഭിമുഖീകരിക്കുകയും ചെയ്യാത്ത ദര്‍ശനം രൂപം നല്‍കുന്ന രാഷ്ട്രീയം അധികാര രാഷ്ട്രീയം മാത്രമായിരിക്കും.അത് ദര്‍ശനത്തെ ഷോകെയ്സില്‍ വെച്ച് അതിന്റെ അന്ത:സത്തയെ തന്നെ ചോദ്യം ചെയ്തുകൊണ്ട് നടത്തുന്ന രാഷ്ട്രീയേതരമായ ഒരു പ്രവര്‍ത്തനമായിരിക്കും.വഞ്ചനാത്മകമായ വഴിയിലൂടെയുള്ള ധനസമാഹരണത്തെയും ഗുണ്ടാപ്രവര്‍ത്തനത്തെയും ആശ്രയിച്ച് നിലകൊള്ളുന്ന ഭീഷണമായ ഒരു സ്ഥാപനമാക്കി കമ്യൂണിസ്റ് പ്രസ്ഥാനത്തെ മാറ്റിത്തീര്‍ക്കലായിരിക്കും അത്തരം അരാഷ്ട്രീയ രാഷ്ട്രീയത്തിന്റെ ഫലം.തികച്ചും സംസ്കാരവിരുദ്ധവും ജനവിരുദ്ധവുമായ ആ രാഷ്ട്രീയം ഒരു സാമൂഹ്യ വിപത്താണ്.
കേരളത്തിലെ പുതിയ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അനുഭവവും ചരിത്രവും പഠിപ്പിക്കുന്ന പാഠങ്ങള്‍ പഠിച്ചേ മതിയാവൂ. ലോകത്തെവിടെയും കമ്യൂണിസ്റ് പാര്‍ട്ടിയുടെ സംഘടനാസംവിധാനവും നേതൃത്വവും പാര്‍ട്ടി അതിന്റെ ബാലാരിഷ്ടതകള്‍ പിന്നിടുന്ന ഘട്ടം മുതല്‍ ജനവിരുദ്ധമായിത്തീര്‍ന്നു എന്നതിന് തെളിവുകള്‍ കണ്ടെത്താന്‍ വലിയ അധ്വാനമൊന്നും ആവശ്യമില്ല.മറ്റു പാര്‍ട്ടികളും മതമേധാവികളും ഉള്‍പ്പെടെ സമ്പത്തും അധികാരവും കയ്യാളാന്‍ അവസരം കൈവന്ന എല്ലാവരും അവരുടെ മേല്‍ക്കോയ്മയ്ക്ക് അപകടം വരുത്തും വിധത്തില്‍ ആശയപ്രചരണം നടത്തുകയും ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തവരെ ഉ•ൂലനം ചെയ്യുന്നതില്‍ ഒരു മടിയും കാണിച്ചിട്ടില്ല.അതിന്റെ അര്‍ത്ഥം അധികാരം ആര് പ്രയോഗിക്കുമ്പോഴും അത് ജനവിരുദ്ധമായിത്തീരുന്നു എന്നു തന്നെയാണ്.പക്ഷേ,നമ്മുടെ കണ്മുന്നില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവങ്ങളെ ഒരു സാമാന്യവല്‍ക്കരണം കൊണ്ട് പിന്തുണച്ച് മന:സമാധാനം കൈവരിക്കുന്നത് തെറ്റാണ്.
അധികാരത്തിന്,എല്ലാ സാമൂഹ്യവ്യവഹാരങ്ങളുടെയും നടത്തിപ്പിന് സ്വതന്ത്രവും ജനകീയവുമായ മാര്‍ഗങ്ങള്‍ എങ്ങനെയൊക്കെ സാധ്യമാക്കാം എന്നതിനെ കുറിച്ചുള്ള ആലോചനകള്‍ തീര്‍ച്ചയായും മുന്നോട്ട് പോകണം.പഴയ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യം ഒരിക്കലും സൃഷ്ടിക്കപ്പെടാതിരിക്കണമെങ്കില്‍ സംഘടനാതത്വത്തിന്റെ പേരില്‍ അധികാരം ഒരു വ്യക്തിയിലോ ഏതാനും വ്യക്തികളിലോ കേന്ദ്രീകരിക്കപ്പെടുന്നതിനുള്ള എല്ലാ സാധ്യതകളും പൂര്‍ണമായും ഇല്ലാതാക്കണം.ജനാധിപത്യമൂല്യങ്ങളെ മുറുകെ പിടിക്കുക,അഭിപ്രായ സ്വാതന്ത്യ്രത്തെയും ആവിഷ്ക്കാരസ്വാതന്ത്യ്രത്തെയും ഉയര്‍ത്തിപ്പിടിക്കുക,രാഷ്ട്രീയ ദര്‍ശനവും നയപരിപാടികളും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുക,ജനങ്ങളുടെ പ്രശ്നങ്ങളെ ഏറ്റവും സൂക്ഷ്മമായും സത്യസന്ധമായും മനസ്സിലാക്കുക,അവരോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുക  ഇതൊക്കയാണ് ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ചെയ്യാനുള്ളത്.
പാര്‍ട്ടിക്കുള്ളിലെയോ ഭരണകൂടസ്ഥാനങ്ങളിലെയോ അധികാരത്താല്‍ മത്തു പിടിക്കുന്ന നേതാക്കള്‍ക്ക് ലോകത്തിന്റെ ഗതിവിഗതികള്‍ തിരിച്ചറിഞ്ഞ് പ്രത്യയശാസ്ത്രത്തെ ഏറ്റവും സമകാലികവും ഏറ്റവും പുരോഗമനപരവുമായി പുനര്‍നിര്‍വചിച്ചുകൊണ്ടേയിരിക്കേണ്ട ആവശ്യമില്ല.അവരെ സംബന്ധിച്ചിടത്തോളം സ്വന്തം സ്ഥാനമാനങ്ങള്‍ നിലനിര്‍ത്താനും ഒരു സ്ഥാപനമെന്ന നിലയില്‍ പാര്‍ട്ടിയെ വളര്‍ത്താനും ഉള്ള ഉപജാപങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ.അത്തരം ഉപജാപപ്രവര്‍ത്തനങ്ങള്‍ ചെന്നെത്തുന്ന ഏറ്റവും ഭയാനകമായ ഇടമാണ് ക്വട്ടേഷന്‍ കൊലപാതകത്തിന്റേത്.ജനങ്ങളോട് പ്രതിബദ്ധതയുള്ള,അവരുടെ ജീവിതപ്രശ്നങ്ങളില്‍ ഏറ്റവും മനുഷ്യത്വപൂര്‍ണവും ഫലപ്രദവുമായ ഇടപെടല്‍ ആഗ്രഹിക്കുന്ന ഒരു ജനകീയ രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ നാലയലത്തുപോലും ഒരിക്കലും എത്തിച്ചേരുകയില്ല.പുതിയ പ്രസ്ഥാനങ്ങള്‍ ആ ഒരുറപ്പില്‍ അവസാനിപ്പിക്കരുത്.ഒരു ജനതയുടെ എല്ലാ ജീവിതവ്യവഹാരങ്ങളെയും സ്പര്‍ശിക്കുന്ന വലിയൊരു സര്‍ഗാത്മകപ്രവര്‍ത്തനമാക്കി  രാഷ്ട്രീയത്തെ മാറ്റാന്‍ അവയ്ക്ക് കഴിയണം.ചതിയും വഞ്ചനയും കച്ചവടവുമില്ലാത്ത ഒരു രാഷ്ട്രീയത്തെ താന്‍ ജീവിക്കുന്ന മണ്ണില്‍ പ്രായോഗികമാക്കാന്‍ ശ്രമിച്ചു എന്ന ഒറ്റക്കാരണത്താല്‍ കൊലക്കത്തിക്കിരയായ ഒരു മനുഷ്യന്റെ ഓര്‍മയോട് അങ്ങനെ വേണം അവര്‍ നീതി കാട്ടാന്‍.
   

1 comment:

  1. വീണ്ടുവിചാരവും പുതിയ രാഷ്ട്രീയസംസ്കാരവും വേണം

    ReplyDelete