Pages

Wednesday, March 4, 2015

വിപരീതം

നടന്നു നടന്ന് സഞ്ചാരി ഒരസാധാരണ രാജ്യത്തെത്തി.അവിടെ രാഷ്ട്രീയക്കാരെല്ലാം അരാഷ്ട്രീയരായിരുന്നു.പല വഴിക്കും പണം സ്വരൂപിക്കുക,എതിരാളികളെ കൊല്ലുക,പൊതുമുതൽ കട്ടുമുടിക്കുക ഇവയൊക്കെയായിരുന്നു അവരുടെ പരിപാടികൾ.'ഇതാണ് രാഷ്ട്രീയം,ഇതാണ് രാഷ്ട്രീയം;അരാഷ്ട്രീയതയിലേക്ക് വഴുതി വീഴല്ലേ 'എന്ന് ആവേശപൂർവം രാഷ്ട്രീയക്കാരെ പ്രേരിപ്പിക്കുന്ന ജനങ്ങളെ തെരുവുകളിലെല്ലാം കാണാമായിരുന്നു.അത്ഭുതം കൊണ്ട് ഏറെക്കുറെ അസ്തപ്രജ്ഞനായ സഞ്ചാരി അല്പം കൂടി മുന്നോട്ടു പോകെ മതമൈത്രി പ്രസംഗിക്കുകയും അന്യമതക്കാരെ തല്ലാനും കൊല്ലാനും ക്വട്ടേഷൻ ഗുണ്ടകളെ നിയോഗിക്കുകയും ചെയ്യുന്ന മതനേതാക്കളെ കണ്ടു.'ഇതാണ്,ഇതു തന്നെയാണ് ഉയർന്ന മതബോധം' എന്ന് ആവർത്തിച്ചുരുവിട്ട് ആത്മവിസ്മൃതിയടയുന്ന വിശ്വാസികളെ കണ്ടു.തന്റെ മതം ഊഹിച്ചറിഞ്ഞ് തന്നെയും ശരിപ്പെടുത്തിക്കളയുമോ എന്ന് ഭയപ്പെട്ട് ഓടാൻ തുടങ്ങിയ സഞ്ചാരിയെ ഒരാൾ വന്നു തടഞ്ഞു.'നോ,നോ' ഇവിടെ നിന്ന് ഓടി രക്ഷപ്പെടുന്ന പ്രശ്‌നമില്ല,ഒന്നുകിൽ കൊല്ലുക,അല്ലെങ്കിൽ ചാവുക അതല്ലാതെ രക്ഷപ്പെടാൻ ഒരുത്തനെയും ഞങ്ങൾ അനുവദിക്കില്ല.സഞ്ചാരി അബോധമായ നീട്ടിയ കയ്യിൽ ചെറിയ ഒരു മഴു വന്നു വീണു.അടുത്ത നിമിഷത്തിൽ അയാൾ ആ മഴു തന്റെ നേർക്കു തന്നെ ആഞ്ഞുവീശി.തെരുവിൽ വീണ തന്റെ ചുറ്റിലും ഓടിക്കൂടിയവരോട് കടുത്ത വേദന കൊണ്ട് പിടയുന്നതിനിടയിലും അയാൾ വിളിച്ചു പറഞ്ഞു : 'ഞാൻ അന്യമതക്കാരനാണ് ,അന്യമതക്കാരനാണ്'                                       
                                                                                                                                        4/3/2015

1 comment:

  1. ഇത് നടന്നത്, നടക്കുന്നത്, നടക്കാനിരിക്കുന്നത് ഏത് രാജ്യത്താണ് എന്ന് എനിക്കറിയാം

    ReplyDelete