Pages

Wednesday, May 30, 2012

വായനയിലെ സ്വാതന്ത്ര്യം

എഴുതുന്നയാളുടെ സര്‍ഗാത്മകാവിഷ്ക്കാരമായി എഴുത്ത് നമ്മുടെ മുന്നിലുണ്ട്. വായനക്കാരന്റെ സര്‍ഗാത്മകതയ്ക്ക് അങ്ങനെ വല്ല തെളിവുമുണ്ടോ?എഴുതുന്നയാള്‍ക്ക് പ്രശസ്തിയും പ്രതിഫലവും ലഭിക്കുന്നുണ്ട്.വായിക്കുന്നവര്‍ക്കോ?എന്തും പ്രത്യക്ഷമായ പ്രയോജനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മനസ്സിലാക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥയില്‍ 'എന്തിന് വെറുതെ വായിച്ച് നേരം കളയുന്നു?'എന്ന ചോദ്യം വളരെ സ്വാഭാവികമാണ്.ഈ ചോദ്യം ചോദ്യം ചോദിക്കുന്നവര്‍ക്ക് നേരില്‍ കാണാനാവാത്ത         തും ഏത് വിശദീകരണത്തിനു ശേഷവും ബോധ്യം വരാനിടയില്ലാത്തതുമായ പ്രയോജനമാണ് വായനയ്ക്കുള്ളത്.
ചെറുപ്പം മുതല്‍ക്കേ പുസ്തകവായന ആരംഭിക്കുകയും ഇപ്പോഴും ആദ്യകാലത്തെ ആവേശത്തോടെ തന്നെ അത് തുടരുകയും ചെയ്യുന്ന ഞാന്‍ 'എന്തിന് വായിക്കുന്നു?'എന്ന ചോദ്യം എന്നോടു തന്നെ ഇതേ വരെ ഗൌരവമായി ചോദിച്ചിട്ടില്ല.ചില കാര്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാതെയും ഉത്തരങ്ങള്‍ തിരയാതെയും നമുക്ക് സ്വയമായിത്തന്നെ ബോധ്യം വരാറുണ്ട്.വായനയുടെ ആവശ്യകതഎന്നെ സംബന്ധിച്ചിടത്തോളം അത്തരമൊരു സംഗതിയാണ്.
വളരെ സ്വതന്ത്രമായി നിര്‍വഹിക്കപ്പെടേണ്ടുന്ന ഒരു പ്രവൃത്തിയാണ് വായന.മുന്‍ധാരണകളും ശാഠ്യങ്ങളും മനസ്സില്‍ മറ തീര്‍ക്കാത്ത അവസ്ഥയില്‍ മാത്രമേ വായനക്കാര്‍ക്ക് സ്വാതന്ത്യ്രബോധത്തോടെ കൃതിയിലേക്ക് കടന്നു ചെല്ലാനാവൂ.ശിശുതുല്യമായ നിഷ്ക്കളങ്കതയോടെ വേണം വായന നിര്‍വഹിക്കാന്‍ എന്ന് പറയുകയല്ല.മറിച്ച് പല തെറ്റിദ്ധാരണകളിലും വീണുപോകാതെ സ്വയം രക്ഷിക്കാനുള്ള കരുതല്‍ കൂടി ഉണ്ടായാലേ വായന സ്വതന്ത്രമാകൂ എന്നതാണ് സത്യം.
സാഹിതീയ ഭാവുകത്വത്തിന്റെ പൊതുപരിസരവും എഴുത്തുകാരുടെ ചിഹ്നമൂല്യവും വളരെ സംശുദ്ധവും നിഷ്പക്ഷവും നീതിപൂര്‍വകവുമായ രീതിയില്‍ താനേ രൂപം കൊള്ളുന്നവയല്ല.സാഹിത്യത്തില്‍ എല്ലാ കാലത്തും പല ശക്തികേന്ദ്രങ്ങളും അധികാരസ്ഥാപനങ്ങളും നിലനിന്നിട്ടുണ്ട്.സൌന്ദര്യസങ്കല്പങ്ങളുടെ നിര്‍മാണം മുതല്‍ എഴുത്തിന്റെ മൂല്യനിര്‍ണയവും എഴുത്തുകാര്‍ക്ക് ലഭിക്കേണ്ടുന്ന സാമൂഹ്യാംഗീകാരവും വരെയുള്ള കാര്യങ്ങളിലെല്ലാം അവ ഇടപെടാറുമുണ്ട്.ഓരോ കാലത്തെയും മികച്ച എഴുത്തുകാര്‍ ഇതിനെയെല്ലാം മറികടന്ന് മികച്ച വായനക്കാരുമായി ആത്മബന്ധം സ്ഥാപിക്കാറുണ്ടെങ്കിലും ബഹുഭൂരിപക്ഷം വരുന്ന വായനക്കാര്‍ക്കും തങ്ങളുടെ ഭാവുകത്വത്തെ കുറിച്ചും മൂല്യനിര്‍ണയനത്തെ കുറിച്ചും വലിയ ആത്മവിശ്വാസമുണ്ടാവാറില്ല.ഒരു കൃതിയെ കുറിച്ച് അഭിപ്രായം രൂപീകരിക്കാനുള്ള തങ്ങളുടെ അര്‍ഹതയെക്കുറിച്ചു തന്നെ അവര്‍ പലപ്പോഴും സംശയാലുക്കളായിരിക്കും.വായനയെ കുറിച്ചുള്ള ആശയങ്ങള്‍ പൊതുചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നത് അത്തരക്കാരെ  തീര്‍ച്ചയായും സഹായിക്കും.
അവരെ കൂടി മുന്നില്‍ കണ്ടുകൊണ്ട് ചില പ്രാഥമിക വസ്തുതകള്‍ അല്പവും വളച്ചുകെട്ടില്ലാതെ അക്കമിട്ടു പറയാം.
1. പുസ്തകങ്ങളെ കുറിച്ചുള്ള അഭിപ്രായ രൂപീകരണം വായിക്കുന്ന ആള്‍ സ്വന്തം നിലക്ക് നിര്‍വഹിക്കേണ്ടതാണ്.ഇക്കാര്യത്തില്‍ മറ്റാരുടെയും അധികാരം അനുവദിച്ചുകൊടുക്കരുത്. അതേ സമയം സ്വന്തം ഭാവുകത്വം പുതിയകാല എഴുത്തിന് വളരെ പുറകില്‍ എവിടെയോ ചലന ശേഷിയറ്റ് നിന്നുപോയിട്ടില്ല എന്ന് വായനക്കാരന്‍/വായനക്കാരി ഉറപ്പ് വരുത്തണം.ലോകം മാറുന്നു,ജീവിതം മാറുന്നു,സ്വാഭാവികമായും സാഹിത്യവും മാറിയേ തീരു.ഒരു ചരിത്രഘട്ടത്തില്‍ വളരെ ശക്തവും സത്യസന്ധവും സുന്ദരവുമായി അനുഭവപ്പെടുന്ന എഴുത്തുരീതി മറ്റൊരു ഘട്ടത്തിലെ മനുഷ്യാവസ്ഥയെ രേഖപ്പെടുത്തുന്നതിന് അല്പവും അനുയോജ്യമാകണമെന്നില്ല.
2 അഭിരുചിക്ക് ഒരിക്കലും ശാഠ്യത്തിന്റെ സ്വഭാവം വന്നുപോകരുത്.അങ്ങനെ സംഭവിച്ചാല്‍ നഷ്ടം വായിക്കുന്ന ആള്‍ക്ക് തന്നെയായിരിക്കും.
3.സര്‍ഗാത്മകതയുടെ ലോകം വൈവിധ്യത്തിന്റെ ലോകമാണെന്നും അങ്ങനെ അല്ലാതായിത്തീര്‍ന്നാല്‍ അത് നിലനില്‍ക്കില്ലെന്നുമുള്ള വാസ്തവം അംഗീകരിക്കുക.വൈവിധ്യങ്ങളെ ആകാവുന്നത്ര അടുത്തറിയാന്‍ ശ്രമിക്കുക.
4.മഹത്തായ രചനകള്‍ എന്ന് മറ്റുള്ളവര്‍ കൊണ്ടാടുന്ന കൃതികളെ മുഴുവന്‍ നെഞ്ചേറ്റി നടക്കാനുള്ള ബാധ്യത വായിക്കുന്ന ആള്‍ക്കില്ല.എഴുതിയ ആളുടെ മനോഘടന,രാഷ്ട്രീയം,ജീവിതദര്‍ശനം ഇവയുമായൊന്നും ഒരു തരത്തിലും പൊരുത്തപ്പെടാനാവുന്നില്ലെങ്കില്‍ അയാളുടെ എഴുത്തുമായി ആത്മബന്ധം സ്ഥാപിക്കാന്‍ ഒരു വായനക്കാരനും/വായനക്കാരിക്കും കഴിയില്ല.അത് സ്വാഭാവികം മാത്രമാണ്.
5.ലോകത്തിലെ എല്ലാ കൃതികളും എല്ലാവര്‍ക്കും സമ്പൂര്‍ണമായി മനസ്സിലായിക്കൊള്ളണമെന്നില്ല.കൃതി രൂപം കൊണ്ട ഭാഷയെ നിലനിര്‍ത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സംസ്കാരത്തിന്റെ എല്ലാ അടരുകളെ കുറിച്ചും കൃത്യമായി അറിയുന്ന ആള്‍ക്ക് മാത്രമേ കൃതിയെ പൂര്‍ണമായി ഉള്‍ക്കൊള്ളാനാവൂ.മാതൃഭാഷയ്ക്ക് പുറത്തുള്ള ഏത് ഭാഷയില്‍ എഴുതപ്പെടുന്ന കൃതിയിലെയും ഏതാനും അംശങ്ങളെങ്കിലും നമുക്ക് മനസ്സിലാക്കാന്‍ പറ്റാതെ വരാം.പ്രാദേശിക സംസ്കാരത്തിലെ ഭൌതികവും ആത്മീയവുമായ വിശദാംശങ്ങളെ വലിയ തോതില്‍ ആശ്രയിക്കുന്ന കൃതികള്‍,സ്വപ്നങ്ങളും അബോധ വ്യാപാരങ്ങളും ഉള്ളടക്കത്തിലെ നിര്‍ണായക ഘടകങ്ങളായി വരുന്ന കൃതികള്‍ ഇവയൊക്കെ വായനയില്‍ അനേകം അതാര്യസ്ഥലങ്ങള്‍ അവശേഷിപ്പിച്ചേക്കാം.അതില്‍ അമ്പരക്കേണ്ട കാര്യമില്ല.
6.എന്തെങ്കിലും പ്രത്യേകലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള വായന സാഹിത്യവായനയല്ല.പാചകപുസ്തകങ്ങളും ജീവിതവിജയം പഠിപ്പിക്കുന്ന പുസ്തകങ്ങളും വായിക്കുമ്പോഴുള്ള മനോഭാവവുമായി ഒരു നോവലിനെയോ കവിതയേയോ നാടകത്തെയോ സമീപിക്കരുത്.സാഹിത്യകൃതികളുടെ വായന ജീവിതത്തിന്റെ ഭാഗം തന്നെയാവണം.അത് ശ്വാസോച്ഛ്വാസം പോലുള്ള സ്വാഭാവികാവശ്യമായി അനുഭവപ്പെടണം.അതിനപ്പുറത്ത് പൂര്‍വനിശ്ചിതമായ മറ്റ് ലക്ഷ്യങ്ങളൊന്നും ആവശ്യമില്ല.
7.വായനയില്‍ എല്ലാവര്‍ക്കും ഒരേ വേഗത സാധ്യമല്ല.വേഗത ഒരു പരിഗണനയായിത്തന്നെ വരാന്‍ പാടില്ല.ഓരോരുത്തരും അവനവന്റെ രീതിയില്‍ അവനവന്റെ വേഗതയില്‍ വായിക്കുക
8.സ്വന്തം ഭാഷയില്‍ നാളതുവരെ ഉണ്ടായ കൃതികള്‍ പൊതുബോധത്തില്‍ സൃഷ്ടിച്ച സാഹിത്യസങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ ജനതയും ആ ഭാഷയില്‍ പുതുതായി ഉണ്ടാവുന്ന ഓരോ കൃതിയുടെയും പദവിയും പ്രാധാന്യവും നിശ്ചയിക്കുന്നത്. ഭാവുകത്വത്തിന്റെ തലത്തില്‍ വളരെ ഉയര്‍ന്നതോ വ്യത്സ്തമോ ആയ തലത്തില്‍ നില്‍ക്കുന്ന മറ്റൊരു ഭാഷയിലെ വായനക്കാര്‍ക്ക് അത്തരം നിശ്ചയങ്ങള്‍ പങ്കുവെക്കാനാവില്ല.ഇന്ത്യയിലെ പല ഭാഷകളില്‍ നിന്നും പരിഭാഷയായി മലയാളത്തിലെത്തുന്ന പല കൃതികളും ഭേദപ്പെട്ട സാഹിത്യപരിചയമുള്ള ഒരു മലയാളി വായനക്കാരനെ അല്പവും ആകര്‍ഷിച്ചില്ലെന്നു വരാം.
9.ഒരു ഭാഷയിലെ തന്നെ വായനക്കാര്‍ പല നിലവാരത്തിലുള്ളവരാണ്.പൊതുസമ്മതമായ ഒരു മൂല്യനിര്‍ണയനം ഒരു കൃതിയുടെയും കാര്യത്തില്‍ സാധ്യമല്ല.ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ എന്ന് കരുതപ്പെടുന്ന വായനക്കാര്‍ക്കിടയില്‍ത്തന്നെ അഭിരുചിയുടെ പല സൂക്ഷ്മാംശങ്ങളിലും വലിയ അന്തരമുണ്ടാവാം.ഈ വ്യത്യാസങ്ങളെയൊക്കെ അപ്രസക്തമാക്കിക്കൊണ്ട് ചില കൃതികള്‍ കാലക്രമേണ പൊതുസമ്മതി കൈവരിക്കും.ഒരു ജനതയുടെ വളരെ അടിസ്ഥാനപരമായ പല മാനസികാവശ്യങ്ങളെയും പ്രശ്നങ്ങളെയും അഭിസംബോധന ചെയ്തവയാവും അത്തരം കൃതികള്‍.
10.വിപുലമായ പാണ്ഡിത്യവും അപഗ്രഥന വൈഭവുമൊന്നും സാഹിത്യകൃതികളുടെ ആസ്വാദനത്തില്‍ ഒരാളെ സഹായിക്കണമെന്നില്ല.ബുദ്ധിയുടെയും ഭാവനയുടെയും അനുഭൂതിയുടെയും തലങ്ങളില്‍ കൃതി നല്‍കുന്ന സാധ്യതകള്‍ കണ്ടെത്താന്‍ മനസ്സിന്റെ മറ്റു ചില കഴിവുകളാണ് ആവശ്യം.ബുദ്ധിജീവികള്‍ എന്ന് ന്യായമായിത്തന്നെ അംഗീകരിക്കപ്പെടുന്ന എല്ലാവര്‍ക്കും ഈ കഴിവുകള്‍ ഉണ്ടായിക്കരിക്കുമെന്ന് കരുതരുത്.
11.ഒരു കാലത്ത് വളരെ നന്നായി എഴുതിയ ഒരാള്‍ പല ദശകങ്ങളായി ഭേദപ്പെട്ട യാതൊന്നും എഴുതുന്നില്ല വരാം.എങ്കിലും മറ്റു പല പരിഗണനകളും വെച്ച് രാഷ്ട്രീയക്കാരും സാഹിത്യം എന്തോ ഉപജാപവൃത്തിയാണ് എന്ന് കരുതുന്നവരും അവരെ കൊണ്ടാടിയേക്കാം.മിക്ക രാഷ്ട്രീയക്കാര്‍ക്കും സാഹിത്യലോകത്തില്‍ നിന്ന് ആവശ്യമുള്ളത് സൌകര്യപ്രദമായി എഴുന്നള്ളിച്ചു നടക്കാന്‍ പറ്റുന്ന ചില ബിംബങ്ങളാണ്.വായന എന്ന ജോലി അപ്പാടെ ഒഴിവാക്കിയും  എഴുന്നള്ളിപ്പില്‍ അവര്‍ വലിയ ഉത്സാഹം കാണിക്കും.വായനക്കാരുടെ ലക്ഷ്യം വായനയിലൂടെ കൈവരുന്ന പുതിയ ഉണര്‍വുകളും ആഹ്ളാദങ്ങളുമാണ്.ജീവനുള്ള കൃതികളില്‍ നിന്നേ അവര്‍ക്കത് കൈവരൂ.ബിംബങ്ങളുടെ സൌമനസ്യവും അനുഗ്രഹവും തേടുന്ന വിഡ്ഡിപ്പണി രാഷ്ട്രീയക്കാര്‍ ഏറ്റെടുത്തു കൊള്ളട്ടെ.

മാതൃകാന്വേഷി മാസിക(ചെന്നൈ),മെയ് 2012
   

2 comments:

  1. വായന മരിച്ചുകൊണ്ടിരിക്കുന്നു എന്നാണ് പൊതുവേ അഭിപ്രായം. വായിക്കുന്നവര്‍ വളരെ കുറവ്. ഗൌരവമായി വായിക്കുന്നവര്‍ അതില്‍ വളരെ വളരെ കുറവ്.

    ReplyDelete
  2. വായനയെ കുറിച്ച് മനോഹരമായി എഴുതി. അഭിനന്ദനങ്ങള്‍

    ReplyDelete